house
പ്രളയ ബാധിതർക്കായി പാലപ്പിള്ളിയിൽ നിർമ്മിച്ച 19 വീടുകളുടെ കൈമാറ്റ ചടങ്ങ് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

ചാലക്കുടി: ഫ്‌ളാറ്റ് നിർമ്മാണത്തെക്കുറിച്ചുള്ള ആക്ഷേപങ്ങൾ രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്നും പാവപ്പെട്ടവന്റെ വീടെന്ന സ്വപ്‌നമാണ് ഇത്തരക്കാർ തല്ലിക്കെടുത്തുന്നതെന്നും മന്ത്രി എ.സി. മൊയ്തീൻ. പ്രളയത്തിൽ നിരാലംബരായ 19 കുടുംബങ്ങൾക്കായി കൊരട്ടി പഞ്ചായത്തിലെ പാലപ്പിള്ളിയിൽ നിർമ്മിച്ച വീടുകൾ ഗുണഭോക്താക്കൾക്ക് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം മുതൽ സർക്കാർ വകുപ്പുകൾക്ക് പുറമെ നിരവധി ഏജൻസികളുടെ സഹായത്തോടെയാണ് വീടുകൾ നിർമ്മിക്കുന്നത്. വിവാദങ്ങളുണ്ടാക്കി ഇത്തരം സഹായങ്ങൾ ചെയ്യുന്നവരെ തിരിച്ചുവിടാൻ നടക്കുന്ന ശ്രമങ്ങൾ പാവപ്പെട്ടനോടുള്ള വെല്ലുവിളിയാണ് മന്ത്രി പറഞ്ഞു. പാലപ്പിള്ളിയിലെ വീടുകൾ നിർമ്മിക്കുന്നതിന് ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനാണ് സഹായം നൽകിയത് അദ്ദേഹം കൂട്ടിച്ചേർത്തു.

ബി.ഡി.ദേവസി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ എസ്. ഷാനവാസ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു, ഫൗണ്ടേഷൻ ഡയറക്ടർ ഡോ.ജോസഫ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.