ചാലക്കുടി: മൂന്നാം വട്ടവും കണ്ടെയ്ൻമെന്റ് സോണാക്കിയ ചാലക്കുടി മാർക്കറ്റ് ദയനീയ സ്ഥിതിയിൽ. നൂറുകണക്കിന് വ്യാപാരികളും അനേകം തൊഴിലാളികളും അങ്കലാപ്പിലായി. അടിയ്ക്കടി അടച്ചിടൽ ഉണ്ടായതോടെ കടകളിലെ കച്ചവടം നാലിലൊന്നായി കുറഞ്ഞു. ലോക്ക് ഡൗൺ വേളയിലെ നീണ്ട ദിനങ്ങൾ നിരവധിയാളുകളുടെ നടുവൊടിച്ചു. പിന്നാലെയാണ് കണ്ടെയ്ൻമെന്റ് സോണുകളുടെ വരവ്. ഓരോ ആഴ്ചകൾ ഇടവിട്ട് കടകൾ അടച്ചിടുകയാണ്. അവശ്യസാധങ്ങളുടെ കടകൾ തുറക്കാമെങ്കിലും ഇവിടങ്ങളിൽ കാര്യമായി ജനങ്ങൾ എത്തുന്നില്ല. തൊഴിലാളികളും കടുത്ത ദുരിതത്തിലായി. ഇതിനകം പലയാളുകളും കച്ചവടം അവസാനിപ്പിക്കാനും ചിലർ സ്ഥലം മാറാനും തീരുമാനിച്ചിരിക്കുകയാണ്‌. ലോക്ക് ഡൗൺ കാലത്തെ വാടക വേണമെന്ന ഷോപ്പിംഗ് കോംപ്ലക്‌സ് ഉടമകളുടെ ആവശ്യത്തിൽ അന്തം വിടുകയാണ് ഭൂരിഭാഗം കച്ചവടക്കാരും. ആയിരം മുതൽ രണ്ടായിരം വരെ ദിവസ വാടക കൊടുക്കുന്നവരാണ് അമ്പതു ശതമാനത്തിൽ അധികം കച്ചവടക്കാരും. ഇത്തരം പ്രതിസന്ധിയാണ് പലരേയും പ്രവർത്തനം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. ചിലരാകട്ടെ പരിസരത്തെ പഞ്ചായത്തുകളിൽ ചേക്കാറാനും ശ്രമം തുടങ്ങി. ജില്ലയിലെ കായച്ചന്തകളിൽ മുൻനിരയിലായ ചാലക്കുടിയുടെ പ്രതാപം ഇനിയെന്ന് വീണ്ടെടുക്കുമെന്ന് കർഷകർക്കും വ്യക്തമല്ല. കൊവിഡിന്റെ നീരാളിപ്പിടുത്തം പനമ്പിള്ളിയുടെ നാടിന്റെ നട്ടെല്ലായ മാർക്കറ്റിനെ കശക്കിയെറിയുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ.