ഗുരുവായൂർ: നഗരസഭയിൽ വിവാഹ രജിസ്‌ട്രേഷൻ വിഭാഗത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. നഗരസഭ ഓഫീസ് താത്കാലികമായി അടച്ചു. ആഗസ്റ്റ് 10ന് ഇയാൾ കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നുവെങ്കിലും റിസൽട്ട് നെഗറ്റീവ് ആയിരുന്നു. ഓഫീസിലെ പകുതി ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം ക്രമീകരണം ഏർപ്പെടുത്തിയിരുന്നതിനാൽ ഈ ടെസ്റ്റിന് ശേഷം ഇയാൾ ജോലിക്ക് വന്നിരുന്നില്ല.
എന്നാൽ പിന്നീട് പനിയെ തുടർന്ന് ഇന്നലെ നടത്തിയ ആന്റിജൻ പരിശോധനയിൽ ഫലം പൊസിറ്റീവ് ആയി. ഹെൽത്ത് ഇൻസ്‌പെക്ടർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരാഴ്ചത്തേക്ക് വിവാഹ രജിസ്‌ട്രേഷൻ നിറുത്തിവയ്ക്കുന്നതിനും നഗരസഭ ഓഫീസിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം കർശനമായി ഒഴിവാക്കുന്നതിനും തീരുമാനിച്ചു. സേവനങ്ങൾ ഓൺലൈനായി തുടരുന്നതാണ്. പരാതികളും അപേക്ഷകളും നഗരസഭയുടെ ഇ-മെയിലിലേക്ക് അയക്കാം. നഗരസഭയുടെ തൈക്കാട്, പൂക്കോട് സോണൽ ഓഫീസുകൾ പതിവു പോലെ പ്രവർത്തിക്കും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതും, ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ഹിയറിംഗ് മുടക്കമുണ്ടായിരിക്കുന്നതല്ല. സോണൽ ഓഫീസുകളുടെ പരിധിയിലുള്ള വാർഡുകളിലെ അപേക്ഷകൾക്ക് അതത് സോണൽ ഓഫീസുകളിൽ ഹിയറിംഗിന് ഹാജരാകേണ്ടതാണ്.