photo
പ്രജിത്തും കുടുംബവും

മാള: നാടിനു വേണ്ടി ഒരു ലോക റെക്കാഡ് കരസ്ഥമാക്കിയ അഭിമാനത്തിലാണ് ഏഴു വർഷമായി ഖത്തറിൽ താമസിക്കുന്ന പ്രജീത് രാമകൃഷ്ണനും ഭാര്യ ആരതി രാധാകൃഷ്ണനും കുടുംബവും. വിദ്യാർത്ഥി ആയിരിക്കുന്ന കാലം തൊട്ടേ സംഗീതം ഹൃദയത്തിൽ കൊണ്ടു നടക്കുന്ന പ്രജിത്തിന്റെ കേവലം ഒരു പരീക്ഷണ സംഗീത ആൽബം മാത്രമായിരുന്നില്ല " ബോലോ ഭാരത് മാതാ കി".

ഷോർട്ടെസ്റ്റ് വീഡിയോ വിത്ത് മോസ്റ്റ് നമ്പർ ഒഫ് ഓഡിയോ ആൻഡ് വീഡിയോ ട്രാക്ക്സ് ഇൻക്ലൂഡഡ് ഇൻ എ സിംഗിൾ ലൈൻ എന്ന പേരിൽ 2020 ലോക റെക്കാഡിന്റെ നെറുകയിൽ മാതൃ രാജ്യത്തിന്റെ ദേശീയ ഗാനത്തെ എത്തിച്ചപ്പോൾ ഒരു തപസ്യക്ക് ലഭിച്ച അംഗീകാരമായി മാറുകയായിരുന്നു അത്. നൂറിലധികം കുരുന്നുകളെ സൗഹൃദവലയത്തിൽ നിന്നും കണ്ടെത്തുക എന്നതായിരുന്നു ആദ്യ കടമ്പ. ദുരന്ത കാലത്ത് ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള കുട്ടികളെ ഒരു കുടക്കീഴിൽ അണിനിരത്താനുള്ള ഉത്തരവാദിത്വം മുഖ്യ സംഘാടകയായ ആരതിക്കായിരുന്നു പ്രജിത്ത് നൽകിയത്.

ഇന്ത്യ, യു.കെ, ബംഗ്ലാദേശ്, കുവൈറ്റ് , ഖത്തർ, ജർമനി, ബഹറിൻ, യു.എ.ഇ എന്നിവിടങ്ങളിലെ കുട്ടികളെ ഒരേ താളത്തിൽ പാടി പഠിപ്പിക്കുകയും ഓരോ കുട്ടിയുടെയും ഏറ്റവും മികച്ച ഓഡിയോ ട്രാക്ക്, സാങ്കേതിക വിഭാഗം കൈകാര്യം ചെയ്യുന്ന പ്രജിത്തിന് നൽകുകയെന്ന ഉത്തരവാദിത്വവും ഭാര്യ ആരതിക്കായിരുന്നു. 162 ഓഡിയോ ട്രാക്കുകളും 118 വീഡിയോ ട്രാക്കുകളും സംയോജിപ്പിച്ചായിരുന്നു സംഗീത ശിൽപം ഒരുക്കിയത്.

നാടിന്റെ ത്യാഗോജ്വല ചരിത്രം പഠിക്കുന്നതിന്റെ അനിവാര്യത കൂടി പ്രജിത്ത് ഓർമ്മിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി മാറിയ 106 കുട്ടികളിൽ പ്രജിത്തിന്റെയും ആരതിയുടെയും മക്കളായ ആദ്യ പ്രജിത്തും ,അക്ഷിത പ്രജിത്തും ഉണ്ട്.