കാഞ്ഞാണി: ബലക്ഷയം മൂലം അപകടത്തിലായ കാഞ്ഞാണി പെരുമ്പുഴ പാലത്തിലൂടെ വെള്ളിയാഴ്ച മുതൽ സ്വകാര്യ ബസുകൾക്കും ചരക്കുവാഹനങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയ സംയുക്ത തീരുമാനം കാറ്റിൽ പറത്തി ചരക്കുവാഹനങ്ങളും ഒരു വിഭാഗം സ്വകാര്യ ബസുകളും ഇതിലൂടെ സർവീസ് നടത്തി. രാവിലെയാണ് ചരക്ക് വാഹനങ്ങൾ ചീറിപാഞ്ഞത്.

ഏതാനും ബസുകൾ രാവിലെ ഏഴ് മുതൽ മുൻ നിശ്ചയിച്ച പ്രകാരം സർവീസ് നടത്താൻ തയ്യാറായി ഇരുവശങ്ങളിലും സർവ്വീസ് അവസാനിപ്പിച്ചെങ്കിലും ഏതാനും ബസുകൾ ഇതിന് വിപരീതമായി ഓടുകയായിരുന്നു. ഇതോടെ വ്യാഴാഴ്ച പ്രഖ്യാപിച്ച വാഹന നിയന്ത്രണങ്ങൾ കാറ്റിൽ പറക്കുന്നതാണ് പിന്നീട് കണ്ടത്.

ഒന്നിന് പിറകെ ഒന്നായി ബസുകൾ ഇടതടവില്ലാതെ ഓടിയതോടെ മണലൂർ, അരിമ്പൂർ പഞ്ചായത്തുകളുടെ പ്രസിഡന്റുമാരായ വിജിശശി, സുജാത മോഹൻ ദാസ് എന്നിവരും ജനപ്രതിനിധികളായ എം.കെ. സദാനന്ദൻ, സി.ജി. സജീഷ് എന്നിവരും പാലത്തിൽ എത്തുകയും മുരളി പെരുനെല്ലി എം.എൽ.എയുടെയും കളക്ടറുടെയും തിർദ്ദേശം അവഗണിച്ച് നടത്തുന്ന ബസ് സർവീസ് നിറുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

തുടർന്ന് പാലത്തിലെത്തിയ അന്തിക്കാട് പൊലിസ് ഇൻസ്പക്ടർ, പ്രശാന്ത് ക്ലിന്റ്, എസ്.ഐ കെ.എസ്. സുശാന്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് പാലത്തിൽ കയറിയ ബസുകൾ തടഞ്ഞ് തിരിച്ചയച്ചു. ആവർത്തിച്ചാൽ കേസെടുക്കുമെന്ന് മുന്നറിയിപ്പും നൽകിയാണ് പൊലീസ് ബസ് ജീവനക്കാരെ തിരിച്ചുവിട്ടത്. ബസുടമകളുടെ പ്രതിനിധി പൊലീസിനെ തെറ്റിദ്ധരിപ്പിച്ചാണ് പാലത്തിലൂടെ രാവിലെ സർവീസ് നടത്തിയതെന്ന് എസ്.എച്ച്.ഒ പ്രശാന്ത് ക്ലിന്റ് പറഞ്ഞു. പെരുമ്പുഴ പാലത്തിന് സമീപം കോൾ ബണ്ടിനോട് ചേർന്ന് ബസുകൾ തിരിക്കാനുള്ള സ്ഥലം മണലൂർ പഞ്ചായത്ത് തയ്യാറാക്കുന്നുണ്ടെന്നും, ഇത് ശരിയാകുന്നത് വരെ പതിവ് പോലെ സർവീസ് നടത്താൻ ബന്ധപ്പെട്ടവർ സമ്മതിച്ചിട്ടുണ്ടെന്നുമാണ് ബസുടമ പ്രതിനിധി വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിൽ വന്ന് പറഞ്ഞതെന്നും തുടർന്നാണ് പൊലീസ് പിന്മാറിയതെന്നുമാണ് എസ്.എച്ച്.ഒ പറയുന്നത്.

എന്നാൽ ഇത്തരത്തിൽ യാതൊരു ധാരണയും ഉണ്ടായിട്ടില്ലെന്നും വ്യാഴാഴ്ച എം.എൽ.എയുടെ നേതൃത്വത്തിൽ എടുത്ത തീരുമാനങ്ങൾ ശക്തമായി നടപ്പാക്കുകയാണ് പൊലീസ് ചെയ്യേണ്ടതെന്ന് മണലൂർ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.


യാത്രക്കാരുടെ ദുരിതത്തിന് തീരുമാനമായില്ല


തൃശൂരിലേക്ക് രാവിലെ ജോലിക്ക് പോകുമ്പോൾ ഏർപെടുത്തിയ ക്രമീകരണം വൈകീട്ട് തിരികെവരുമ്പോൾ ഇല്ലാതാക്കുന്നതിൽ പ്രതിഷേധം ഉയർത്തുകയാണ് വനിതാ ജീവനക്കാർ ഉൾപ്പെടെയുള്ള യാത്രക്കാർ.

ആറാംകല്ലിൽ ബസിറങ്ങിയാൽ കാഞ്ഞാണി വരെ നടന്ന് വേണം ലക്ഷ്യസ്ഥാനത്തേക്കുള്ള മറ്റൊരു ബസ് പിടിക്കാനെന്ന് വനിതാ യാത്രക്കാർ പറയുന്നു. വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇതെന്ന് കണ്ടശ്ശാംകടവ് സ്വദേശിയും തൃശൂരിൽ ജോലിക്ക് പോയി വരുന്ന കരിക്കൊടി വിജയൻ അർജുൻകുമാർ പറയുന്നു. മുൻനിശ്ചയിച്ച പ്രകാരം പറത്താട്ടിൽ ഷെഡ്ഡിന് സമീപത്ത് നിന്ന് യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസ് ഉടമകൾ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ ആവശ്യം. എന്നാൽ ബസ് തിരിക്കാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടില്ലെന്ന് ബസ് ഓണേഴ്‌സും പറയുന്നു.