ഗുരുവായൂർ : ക്ഷേത്രത്തിലെ കീഴ്ശാന്തിക്കാരിൽ ചിലർ തന്നെ കാണാൻ വന്ന സമയത്ത് അഭിപ്രായപ്പെട്ടതനുസരിച്ചാണ് അയ്യപ്പന്റെ ഭണ്ഡാരം ക്ഷേത്രത്തിന് പുറത്ത് തെക്കേ പ്രദക്ഷിണ വഴിയിൽ സ്ഥാപിച്ചതെന്ന് ചെയർമാൻ കെ.ബി മോഹൻദാസ് പറഞ്ഞു.
ശാന്തിക്കാരുടെ വരുമാനമടക്കമുള്ള പ്രശ്നങ്ങൾ അറിയിക്കുന്നതിനായി ഓഫീസിൽ വന്നു കണ്ട കീഴ്ശാന്തിക്കാരുമായി നടന്ന ചർച്ചയ്ക്കിടെയാണ് ക്ഷേത്രത്തിന് പുറത്ത് ഭണ്ഡാരം വെയ്ക്കുന്ന കാര്യം അഭിപ്രായപ്പെട്ടത്. ക്ഷേത്രത്തിലെ ഉപദേവന്മാർക്കായി വഴിപാടുകൾ നടത്തുന്നതിന് പ്രാർത്ഥിക്കുന്ന ഭക്തർക്ക് ഉപദേവന്മാർക്ക് കാണിക്കയിടാൻ സൗകര്യമില്ലെന്നും ഇതിനായി ഭണ്ഡാരം സ്ഥാപിക്കുന്നത് നല്ലതാണെന്നും തന്നെ കാണാൻ വന്ന കീഴ്ശാന്തിക്കാർ അഭിപ്രായപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് ഭണ്ഡാരം സ്ഥാപിച്ചത്. ക്ഷേത്രത്തിനകത്ത് വെറുതെ ഇരുന്നിരുന്ന ഭണ്ഡാരമാണ് ക്ഷേത്രത്തിന് പുറത്തേയ്ക്ക് വച്ചത്. ഭണ്ഡാരം വെച്ചത് തങ്ങളുമായി ആലോചിച്ചില്ലായെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം നടന്ന ദേവസ്വം ഭരണസമിതി യോഗത്തിൽ നിന്നും മൂന്ന് അംഗങ്ങൾ ഇറങ്ങിപ്പോയിരുന്നു. എന്നാൽ ഭണ്ഡാരം വെച്ചത് കീഴ്ശാന്തി നമ്പൂതിരിമാരുടെ അഭിപ്രായത്തെ തുടർന്നാണ് എന്ന് ചെയർമാൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിനെതിരെ കീഴ്ശാന്തി നമ്പൂതിരിമാരുടെ യൂണിയൻ പ്രസ്താവനയുമായി രംഗത്തെത്തി. കീഴ്ശാന്തിക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് ഭണ്ഡാരം വച്ചതെന്ന ദേവസ്വം ചെയർമാന്റെ വാദം ശരിയല്ലെന്ന് കീഴ്ശാന്തി യൂണിയൻ സെക്രട്ടറി കൊടക്കാട്ട് കേശവൻ നമ്പൂതിരി പ്രസ്താവനയിറക്കുകയും ചെയ്തു. വന്നു കണ്ട കീഴ്ശാന്തിക്കാർ യൂണിയൻ ഭാരവാഹികളാണോ എന്ന് തനിക്കറിയില്ല. എന്നാൽ പതിവായി വരാറുള്ള പ്രമുഖരായ കീഴ്ശാന്തിക്കാരാണ് വന്നതെന്നും ചെയർമാൻ പറഞ്ഞു.
ഭണ്ഡാരം പുറത്തേക്ക് വയ്ക്കാൻ ആവശ്യപ്പെട്ടിട്ടില്ല
ഗുരുവായൂർ: ക്ഷേത്രത്തിലെ അയ്യപ്പന്റെ ഭണ്ഡാരം പുറത്തേക്ക് വെച്ചത് കീഴ്ശാന്തിക്കാർ ആവശ്യപ്പെട്ടതനുസരിച്ചാണ് എന്ന ദേവസ്വം ചെയർമാന്റെ വാദം ശരിയല്ലെന്ന് കീഴ്ശാന്തി യൂണിയൻ സെക്രട്ടറി കൊടക്കാട്ട് കേശവൻ നമ്പൂതിരി പത്രകുറിപ്പിലൂടെ അറിയിച്ചു. കീഴ്ശാന്തി യൂണിയൻ ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ല. ആരെങ്കിലും ഒന്നോ രണ്ടോ കീഴ്ശാന്തിമാർ അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കിൽ ആയതിന്റെ ഉത്തരവാദിത്വം മുഴുവൻ കീഴ്ശാന്തിമാരുടെ പേരിലാക്കുന്നത് ശരിയല്ല. കൂടാതെ കുറച്ചു കാലങ്ങളായി ക്ഷേത്രം പാരമ്പര്യ കീഴ്ശാന്തിക്കാരുടെ ക്ഷേത്രപ്രവർത്തികളിൽ ഇടപെടുന്ന ചെയർമാന്റെ അനാവശ്യമായ അധികാര ദുർവ്വിനിയോഗം നിർത്തലാക്കേണ്ടതുമാണെന്നും കേശവൻ നമ്പൂതിരി പറഞ്ഞു.