തൃശൂർ: തൃശൂരിനെ ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ ഹൈക്കോടതി നൽകിയ ഉത്തരവുകൾ പാലിക്കാതിരുന്ന സംസ്ഥാന സർക്കാരിനെതിരെ കോടതിയുടെ ശക്തമായ ഇടപെടൽ ഉണ്ടായത് കൗൺസിലർ എ. പ്രസാദിന്റെ നിയമ പോരാട്ടം. രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. കഴിഞ്ഞ വർഷം ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാൻ വീണ്ടും രണ്ടാഴ്ച സാവകാശം ചോദിച്ച സർക്കാരിന്റെ അപേക്ഷ തള്ളിയാണ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ടി.കെ. ജോസിന് നോട്ടീസ് അയക്കാൻ ഉത്തരവിട്ടത്.
സാധാരണക്കാരുടെ പ്രശ്‌നങ്ങളിൽ കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകൾ ഫയലുകളിലെ കുറിപ്പുകളായി അവശേഷിക്കാതെ നടപ്പിലാക്കപ്പെടുന്നുണ്ടെന്ന് നെഞ്ചിൽ കൈ വച്ച് പറയാൻ കഴിയുമോയെന്ന് സർക്കാർ അഭിഭാഷകനോട് ചോദിച്ച കോടതി, ന്യായാധിപനും സർക്കാർ അഭിഭാഷകനുമെല്ലാം നാളെകളിൽ സാധാരണ പൗരന്മാരായി ആശ്രയം തേടി വരേണ്ടത് കോടതിയിലേക്ക് തന്നെയാണെന്ന് മറക്കരുതെന്ന് ഓർമിപ്പിച്ചു.
കനത്ത മഴയിൽ നഗരത്തിലെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുന്ന വെള്ളക്കെട്ട് ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകിയ കേരള ഹൈക്കോടതി ഉത്തരവ് സംസ്ഥാന സർക്കാരും ജില്ലാ ഭരണകൂടവും നടപ്പിലാക്കാത്തതു ചൂണ്ടിക്കാണിച്ച് ഡി.സി.സി ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ എ. പ്രസാദ് ആണ് അഡ്വ.സി.ആർ. രഖേഷ് ശർമ്മ മുഖേന കേരള ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്.
ആറാഴ്ചക്കകം വിദഗ്ദ്ധ സമിതി രൂപീകരിച്ച് പഠനം നടത്തി റിപ്പോർട്ട് തയാറാക്കി സമയബന്ധിതമായി അശാസ്ത്രീയമായ നിർമ്മാണങ്ങളുടെ കാര്യത്തിൽ നടപടി സ്വീകരിക്കണമെന്ന് 2019 നവംബറിൽ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്. ഇക്കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ സ്വരാജ് റൗണ്ടിൽ വെള്ളം കയറി വ്യാപാരസ്ഥാപനങ്ങൾ പോലും വെള്ളത്തിനടിയിലാകുന്ന അവസ്ഥയുണ്ടായിരുന്നു.