puthussri-veedu

തൃശൂർ: സ്വരുക്കൂട്ടിയതെയല്ലാം പ്രളയജലം കൊണ്ട് പോയ 19 കുടുംബങ്ങൾക്ക് ഇനി മുതൽ അടച്ചുറപ്പുളള വീടിന്റെ തണലിൽ സുരക്ഷ. ചാലക്കുടി പള്ളിക്കടുത്ത് പുറമ്പോക്കിൽ കഴിഞ്ഞിരുന്ന മണ്ടിക്കാൽ വീട്ടിൽ ബിനുവിനും ഭാര്യ ആതിരയ്ക്കും സ്വർഗ്ഗം കിട്ടിയ പ്രതീതിയാണ്. ഒരു വയസുള്ള മകൻ എഡ്വിനുമൊത്ത് മന്ത്രിയിൽ നിന്ന് വീടിന്റെ താക്കോലും പട്ടയവും ഏറ്റ് വാങ്ങുമ്പോൾ ഇരുവരുടെയും കണ്ണ് നിറഞ്ഞു.


കിടക്കാൻ സ്വന്തമായി ഒരിടം ലഭിച്ചതിന്റെ സന്തോഷാശ്രു. നെസ്‌ല കമ്പനിയിൽ ഡ്രൈവറായ ബിനുവും കുടുംബവും വീടൊലിച്ച് പോയതിനെ തുടർന്ന് 9 ദിവസം ക്യാമ്പിലാണ് കഴിഞ്ഞത്. തിരിച്ചെത്തിയപ്പോൾ വീടിരിക്കുന്നിടത്ത് ചെളി മാത്രം. ടാർപായ വലിച്ചുകെട്ടിയും മറച്ചുവെച്ചുമായിരുന്നു താത്കാലിക താമസം. ഒടുവിൽ സംസ്ഥാന സർക്കാറിന്റെ റിബീൽഡ് കേരളയിലൂടെ പുത്തൻ വീട് ലഭിച്ചതോടെ വലിയ ആശ്വാസത്തിലാണിവർ.
സംസ്ഥാന സർക്കാറിനും വീട് നിർമ്മിക്കാൻ സഹായം നൽകിയ ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷനും നന്ദി പറയുകയാണിവർ. ആളൂർ പഞ്ചായത്തിലെ 19ാം വാർഡുകാരി പുതുശ്ശേരി വീട്ടിൽ ആനിക്കുട്ടിക്ക് 64ാം വയസ്സിൽ പുതിയ വീട് ലഭിച്ചു. ഡ്രൈവറായ മകൻ സിജുമോൻ, ഭാര്യ ലിൻസി, രണ്ട് പേരക്കുട്ടികൾ എന്നിവരടങ്ങിയ കുടുംബത്തിന്റെ ആശ്രയമായ വീടാണ് 2018ൽ പ്രളയം കവർന്നത്. അയൽപക്കകാരുടെ കരുണയിലായിരുന്നു ജീവിതം.
ചാലക്കുടി പള്ളിക്ക് പിറകിലെ പുറമ്പോക്കിൽ കഴിഞ്ഞിരുന്ന ഓട്ടോ ഡ്രൈവർ ജെയ്‌സണിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. ഭാര്യ ബിന്ദു, മക്കളായ റോഷൻ, റോസ്‌മോൾ എന്നിവരടങ്ങിയ കുടുംബത്തിന്റെ സർവ സമ്പാദ്യവും കൂരയുമാണ് 2018 ലെ പ്രളയം കൊണ്ടുപോയത്. 20 ദിവസമാണവർ ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞത്. പിന്നീട് വീടിരുന്നിടത്ത് തകരഷീറ്റും ടാർപ്പായും ചേർത്ത് മറച്ച് താത്കാലിക താമസസ്ഥലമൊരുക്കി. സ്വന്തമായി ഒരു വീടെന്നത് സ്വപ്നം കാണാൻ പോലും ശേഷിയില്ലാതിരുന്ന 19 കുടുംബങ്ങളാണ് റീബിൽഡ് കേരള പദ്ധതിയിലൂടെ പുതിയ വീടുകളിലേക്ക് താമസം മാറ്റുന്നത്.