collect

തൃശൂർ: രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങളും ഉയർത്തിപ്പിടിക്കുക എന്നതാണ് രാജ്യത്തെ ഓരോ പൗരന്റേയും കടമയെന്നും സ്വാതന്ത്ര്യസമര മൂല്യങ്ങൾ സ്വാംശീകരിക്കാൻ കഴിഞ്ഞതിനാലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മാതൃകയാവാൻ ഇന്ത്യയ്ക്ക് കഴിഞ്ഞതെന്നും ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. 74-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പരേഡിൽ തൃശൂർ തേക്കിൻകാട് മൈതാനത്ത് പതാക ഉയർത്തിയതിന് ശേഷം സ്വാതന്ത്ര്യദിന സന്ദേശത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19 സാമൂഹിക വ്യാപന സാദ്ധ്യതകളുടെ പശ്ചാത്തലത്തിൽ പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ചടങ്ങുകൾ. റിസർവ്വ് പൊലീസ് ബറ്റാലിയനിലെ ഇൻസ്‌പെക്ടർ കെ. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ 3 പ്ലാറ്റൂണൂകൾ മാത്രമാണ് പരേഡിൽ പങ്കെടുത്തത്. സബ് ഇൻസ്‌പെക്ടർമാരായ എ. രാജൻ, ഇ.ആർ ബൈജു, പി.വി സിന്ധു എന്നിവരായിരുന്നു പ്ലാറ്റൂണുകളെ നയിച്ചത്. സ്‌കൂളുകളിലെ സംഗീത അദ്ധ്യാപികമാർ ആലപിച്ച ദേശഭക്തി ഗാനത്തോടെയാണ് തുടങ്ങിയത്. സിറ്റി പൊലീസ് കമ്മിഷണർ ആർ. ആദിത്യ, റൂറൽ ജില്ലാ പൊലീസ് മേധാവി ആർ. വിശ്വനാഥ്, സബ് കളക്ടർ അഫ്‌സാന പർവീൺ തുടങ്ങിയവർ പങ്കെടുത്തു.