independence-day

തൃശൂർ: മന്ത്രിയും ചീഫ് വിപ്പും തൃശൂർ ജില്ലയിലുണ്ടായിട്ടും ജില്ലാ കളക്ടറെ പതാക ഉയർത്താൻ നിയോഗിച്ചത് പ്രോട്ടോക്കോൾ ലംഘനമാണെന്ന് കോൺഗ്രസ് ആരോപണം. ഇത് സംബന്ധിച്ച് രാഷ്ട്രപതിക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ടി.എൻ. പ്രതാപൻ എം.പി അറിയിച്ചു. തൃശൂരിൽ ജില്ലാ കളക്ടർ എസ്. ഷാനവാസാണ് സ്വാതന്ത്ര്യദിന ചടങ്ങിൽ ദേശീയപതാക ഉയർത്തിയത്. സാധാരണ മന്ത്രിമാർ നിർവഹിക്കുന്ന ചടങ്ങാണിത്.

ക്വാറന്റൈനിൽ പോകാത്ത മന്ത്രി സി.രവീന്ദ്രനാഥ് ജില്ലയിലുണ്ട്. ചീഫ് വിപ്പ് കെ.രാജനും ജില്ലയിലുണ്ടായിരുന്നു. എന്നിട്ടും, ഇവരെ പതാക ഉയർത്താൻ ക്ഷണിച്ചില്ല. മന്ത്രിമാർ ഉണ്ടായിരിക്കെ കളക്ടറെ കൊണ്ട് പതാക ഉയർത്തിയത് ജനാധിപത്യ ധ്വംസനമാണെന്നാണ് എം.പിയുടെ പരാതി.

ആരോഗ്യ പ്രശ്നങ്ങളുള്ളതിനാൽ സ്വാതന്ത്ര്യദിന ചടങ്ങിൽ പങ്കെടുക്കേണ്ടതില്ലെന്ന് നേരത്തേ തീരുമാനിച്ചിരുന്നതായി വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. സ്വാതന്ത്ര്യദിനാഘോഷചടങ്ങിൽ പ്രോട്ടോകോൾ ലംഘനം നടന്നെന്ന പരാതിയിൽ കഴമ്പില്ലെന്നും മന്ത്രി സന്നിഹിതനല്ലെങ്കിൽ കളക്ടർക്ക് അഭിവാദ്യം സ്വീകരിക്കാമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. കോർപറേഷൻ മേയർ അജിത ജയരാജൻ ചടങ്ങിൽ പങ്കെടുത്തു.