മാള: മാളയിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി അന്നമനടയിലേക്ക് താൽക്കാലികമായി മാറ്റിയ ശേഷം തിരിച്ച് കൊണ്ടുവരുന്നത് സംബന്ധിച്ച് തള്ളാനും കൊള്ളാനുമാകാതെ സർവകക്ഷി യോഗം. ട്രഷറിക്ക് മാളയിൽ നിർമ്മിച്ച കെട്ടിടം നാല് വർഷം കൊണ്ട് തകരാറിലായതും അതുകൊണ്ട് സർക്കാരിന് കോടികളുടെ നഷ്ടം ഉണ്ടായതും സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി ഉത്തരവാദികൾക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. മാളയിലെ ട്രഷറി താൽക്കാലികമായി അന്നമനടയിലേക്ക് മാറ്റിയ ശേഷം മാളയിൽ സൗകര്യം ഒരുക്കുമ്പോൾ തിരിച്ചു കൊണ്ടുവരാനുള്ള സർക്കാർ തീരുമാനത്തിനാണ് കോടതി അംഗീകാരം നൽകിയിട്ടുള്ളത്. 20 വർഷം അന്നമനടയിൽ പ്രവർത്തിച്ചിരുന്ന സബ് ട്രഷറി മാളയിലേക്ക് കൊണ്ടുവന്നതും തിരിച്ച് താൽക്കാലികമായി പോകുന്നതും കോടതി ഇടപെടലിനെ തുടർന്നാണ്. വിഷയത്തിൽ വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലെ പൊതുധാരണ ആരേയും പിണക്കാതെ മാളയിലും അന്നമനടയിലും ട്രഷറി നിലനിറുത്തുകയെന്നതാണ്. അതിനായി ധനകാര്യമന്ത്രിയെ സർവകക്ഷി സംഘം കണ്ട് പ്രാദേശിക വികാരവും അതനുസരിച്ചുള്ള ധാരണയും അറിയിച്ച് നയപരമായ തീരുമാനം ഉണ്ടാക്കണമെന്നും യോഗം തീരുമാനിച്ചു. അത്തരത്തിൽ രണ്ട് ട്രഷറി വരുന്നത് നിലവിലുള്ള സർക്കാർ നയങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇപ്പോൾ തന്നെ കൊടുങ്ങല്ലൂർ നിയോജകമണ്ഡലത്തിൽ രണ്ട് സബ് ട്രഷറികൾ ഉണ്ട്. അന്നമനടയിൽ യോജിക്കാവുന്ന പരിധി നിശ്ചയിച്ച് ഏകാംഗ കൗണ്ടർ നിലനിറുത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു.
സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.വി. വസന്ത്കുമാർ, അമ്പാട്ടി പടിഞ്ചേരി, എ.ആർ. സുകുമാരൻ, കെ.സി. വർഗീസ്, ജോർജ്ജ് നെല്ലിശേരി തുടങ്ങിയവർ സംസാരിച്ചു.
...............................
യോഗത്തിൽ ഉയർന്നത്
തന്നെ പോലും അറിയിക്കാതെയാണ് മാളയിൽ നിന്ന് ട്രഷറിയുടെ പ്രവർത്തനം ഇരിങ്ങാലക്കുടയിലേക്ക് മാറ്റിയത്. ഇക്കാര്യത്തിലുള്ള പ്രതിഷേധം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്. കോടതി ഉത്തരവ് നടപ്പാക്കി ട്രഷറി അന്നമനടയിലേക്ക് മാറ്റണം. തുടർന്ന് സൗകര്യം ഒരുക്കുമ്പോൾ മാളയിലേക്ക് കൊണ്ടുവരും
- വി.ആർ. സുനിൽകുമാർ എം.എൽ.എ
കെട്ടിടം ഉപയോഗിക്കാൻ കഴിയാതായതും നിർമ്മാണത്തിലെ ക്രമക്കേടും സംബന്ധിച്ച് സമഗ്രമായ അന്വേഷണത്തിന് സർക്കാരിനോട് ശുപാർശ ചെയ്യണം. അന്നമനടക്കാരുടേയും മാളക്കാരുടെയും അഭിപ്രായം തെറ്റാണെന്ന് പറയാനാകില്ല.
- ടി.കെ. സന്തോഷ് , സി.പി.എം മാള ഏരിയാ കമ്മിറ്റി സെക്രട്ടറി
അന്നമനടയിൽ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ട്രഷറിയുടെ വാതിൽ പോലും ട്രഷറി വകുപ്പ് കൊണ്ടുപോയി. അന്നമനടയിൽ 20 വർഷം പ്രവർത്തിച്ച ട്രഷറി മാളയിലേക്ക് കൊണ്ടുവന്നപ്പോൾ അവർക്കുണ്ടായ വികാരം തന്നെയാണ് ഇപ്പോൾ മാളക്കാർക്കുള്ളത്. അതുകൊണ്ട് സേവന പരിധി നിശ്ചയിച്ച് രണ്ട് സ്ഥലത്തും നിലനിറുത്താനുള്ള നടപടി ഉണ്ടാകണം
-പി. ജോസ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്