മാള: മാളയിലെ ട്രഷറി മാറ്റുന്നതിനായി ധനകാര്യമന്ത്രിയുടെ ഓഫീസും ട്രഷറി വകുപ്പും ഇടപെടൽ നടത്തിയതായി മാള പഞ്ചായത്ത് ഭരണനേതൃത്വം ആരോപിച്ചു. ദുരുദ്ദേശത്തോടെയാണ് ട്രഷറി വകുപ്പ് നടപടിക്രമം മറികടന്ന് തീരുമാനം എടുത്തതെന്നും ഭരണസമിതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാളയിൽ ട്രഷറിക്ക് ആവശ്യമായ സൗകര്യം ഒരുക്കുന്നതിന് കഴിഞ്ഞ ജനുവരി 29ന് ഭരണസമിതി തീരുമാനം എടുത്ത് ട്രഷറി വകുപ്പിനെ അറിയിച്ചെങ്കിലും അക്കാര്യത്തിൽ ഒരു മറുപടി പോലും നൽകാതെയാണ് ഇപ്പോഴത്തെ തിരക്കിട്ട നടപടി ഉണ്ടായത്. മാള സിവിൽ സ്റ്റേഷൻ, പഞ്ചായത്ത് ഓഫീസിനോട് ചേർന്നുള്ള വികാസ്ഭവൻ എന്നിവയിൽ സൗകര്യം ഒരുക്കാമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇക്കാര്യം പരിഗണിക്കാനോ മറുപടി നൽകാനോ തയ്യാറായില്ല.
അന്നമനടയിലേക്ക് ട്രഷറി മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ആദ്യഘട്ടത്തിൽ ഇരിങ്ങാലക്കുട ജില്ലാ ട്രഷറിയോട് ചേർത്തതെന്നും സംശയിക്കുന്നു. മാളയിൽ താഴത്തെ നിലയിൽ സൗകര്യം ഒരുക്കണമെന്ന ഉറപ്പ് മാനിക്കാതെയാണ് അന്നമനടയിൽ മുകളിലെ നിലയിലേക്ക് മാറ്റുന്നത്. സ്ഥലം എം.എൽ.എയും പഞ്ചായത്തും അറിയാതെ ഒറ്റ രാത്രിയിൽ തിടുക്കപ്പെട്ട് ട്രഷറി മാറ്റാനുണ്ടായ സാഹചര്യവും ദുരൂഹമാണ്. കത്തിന്റെ അടിസ്ഥാനത്തിൽ എന്തൊക്കെ സൗകര്യം ഒരുക്കണമെന്ന് ഇതുവരെ ട്രഷറി വകുപ്പ് അറിയിച്ചിട്ടില്ല.
ഇക്കാര്യം രേഖാമൂലം അറിയിച്ചാൽ ആവശ്യമായ സൗകര്യം ഒരുക്കി ട്രഷറി മാളയിലേക്ക് മാറ്റുമെന്നും എൽ.ഡി.എഫ് നേതൃത്വത്തിലുള്ള പഞ്ചായത്ത് ഭരണസമിതി നേതൃത്വം അറിയിച്ചു. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വൈസ് പ്രസിഡന്റ് ഗൗരി ദാമോദരൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു ഉറുമീസ് എന്നിവർ പങ്കെടുത്തു.