കൊച്ചി: രാജ്യസ്നേഹമുള്ളവർക്കേ സമൂഹത്തോട് പ്രതിബദ്ധതയുണ്ടാകൂ എന്ന് സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ഡോ: എസ്.എൻ. ശശിധരൻ കർത്ത അഭിപ്രായപ്പെട്ടു. കമ്പനി ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. ധീര ദേശാഭിമാനികൾ ജീവൻ ബലിയർപ്പിച്ച് നേടിയ സ്വാതന്ത്ര്യം സംരക്ഷിക്കാൻ നാം പ്രതിജ്ഞാബദ്ധരാണ്. സമൂഹത്തോടും കുടുംബത്തോടും പ്രതിബദ്ധതയുള്ളവർക്കേ തൊഴിൽ ചെയ്യുന്ന സ്ഥാപനത്തോട് ആത്മാർത്ഥത പുലർത്താനാകൂ. നമുക്കുള്ള സ്വാതന്ത്ര്യം മറ്റുള്ളവർക്ക് ദോഷകരമായ പ്രവൃത്തി ചെയ്യാനുള്ള സ്വാതന്ത്ര്യമല്ലെന്നും ഡോ. ശശിധരൻ കർത്ത ഓർമ്മിപ്പിച്ചു.
നമ്മൾ കൊവിഡ് മഹാമാരിയുടെ ചങ്ങല പൊട്ടിക്കുമ്പോൾ മനുഷ്യബന്ധങ്ങളുടെ ചങ്ങല ദൃഢമായിരിക്കണം. ആരോഗ്യരംഗത്തു മാത്രമല്ല സാമ്പത്തിക, വ്യാവസായിക മേഖലയിലും വൻ പ്രതിസന്ധിയാണ് കൊവിഡ് സൃഷ്ടിച്ചത്. സി.എം.ആർ.എല്ലിന്റെ ഉപോത്പന്നമായ ഫെറിക് ക്ലോറൈഡ് കുടിവെള്ള ശുദ്ധീകരണത്തിനും വൈദ്യുതി പ്ലാന്റുകൾക്ക് ആവശ്യമായ വെള്ളം ശുദ്ധീകരിക്കുന്നതിനും അനിവാര്യമായതിനാൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ അവശ്യവിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് സി.എം.ആർ.എൽ അവശ്യവിഭാഗത്തിലെ സ്ഥാപനമായി.
കൊവിഡ് പ്രതിരോധത്തിനായി സി.എം.ആർ.എൽ എർപ്പെടുത്തിയ മുൻകരുതലുകൾ മാതൃകാപരമാണെന്ന് കമ്പനി സന്ദർശിച്ച ജില്ലാ കളക്ടർ എസ്.സുഹാസ് അഭിപ്രായപ്പെട്ടിരുന്നു. കൊവിഡ് പ്രതിരോധ യജ്ഞത്തിൽ പങ്കാളികളായ ആരോഗ്യ പ്രവർത്തകർ, പൊലിസ്, തദ്ദേശ സ്ഥാപനങ്ങൾ തുടങ്ങി എല്ലാ മേഖലയിലുള്ളവരെയും ഡോ. ശശിധരൻ കർത്ത അഭിനന്ദിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ഡോ: കർത്ത ദേശീയപതാക ഉയർത്തി.
തൊഴിലാളി കുടുംബങ്ങളിൽ
വേറിട്ട സ്വാതന്ത്ര്യ ദിനാഘോഷം
കൊച്ചി: ജന്മനാടിനെ വണങ്ങി ആയിരത്തിലധികം വീടുകളിൽ സ്വാതന്ത്ര്യദിന സന്ദേശവുമായി
സകുടുംബം ഒരു സ്വാതന്ത്ര്യദിനാഘോഷം. വ്യവസായ സ്ഥാപനം ഒരു കുടുംബമാണെന്ന സങ്കല്പം യാഥാർത്ഥ്യമാക്കിയാണ്, കൊച്ചി സി.എം.ആർ.എൽ മാനേജിംഗ് ഡയറക്ടർ ഡോ.എസ്.എൻ. ശശിധരൻ കർത്തയുടെ നിർദ്ദേശമനുസരിച്ച്, സ്വാതന്ത്ര്യദിനം വേറിട്ട രീതിയിൽ ആഘോഷിച്ചത്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു വ്യവസായ സ്ഥാപനത്തിലും ഉടമയുടെയും മുഴുവൻ ജീവനക്കാരുടെയും വീടുകളിലും ഒരേ സമയം സ്വാതന്ത്ര്യദിനാഘോഷം നടക്കുന്നത്.
സി.എം.ആർ.എല്ലിലെ ആയിരത്തിലേറെ വരുന്ന തൊഴിലാളി കുടുംബങ്ങളിൽ മാനേജിംഗ് ഡയറക്ടറുടെ നിർദ്ദേശപ്രകാരം തലേന്നുതന്നെ ദേശീയപതാകയും മധുരപലഹാരങ്ങളും എത്തിച്ചു നൽകിയിരുന്നു. സ്വാതന്ത്ര്യദിനത്തിൽ
രാവിലെ എട്ടിന് കുടുംബാംഗങ്ങൾ വീട്ടുമുറ്റത്ത് ഒത്തുചേർന്ന് രാഷ്ട്രവന്ദനം നടത്തി. കുടുംബത്തിലെ മുതിർന്ന അംഗം ദേശീയപതാക ഉയർത്തി ദേശീയഗാനം ആലപിച്ചു. തുടർന്ന് ദേശസ്നേഹപ്രതിജ്ഞയും ലഹരിവിരുദ്ധ പ്രതിജ്ഞയുമെടുത്തു.