വടക്കാഞ്ചേരി: കൊവിഡ് കാലമാണെങ്കിലും ഈ വർഷത്തെ ഓണവിപണിയിൽ തലപ്പിള്ളി താലൂക്കിന്റെ സ്വന്തം ചെങ്ങാലിക്കോടനാണ് നേന്ത്രക്കായകളിൽ താരം. മധുരവും നെയ്യിന്റെ സ്വാദും കൂടി ചേരുന്ന രുചിയാണ് ചെങ്ങാലിക്കോടൻ കായയ്ക്ക്. അതിനാൽ ചെങ്ങാലിക്കോടൻ നേന്ത്രക്കായയ്ക്ക് ആവശ്യക്കാരും ഏറെയാണ്.
കേരളത്തിൽ തലപ്പിള്ളി താലൂക്കിലാണ് ചെങ്ങാലിക്കോടൻ വാഴ കൃഷിയിറക്കുന്നത്. മുള്ളൂർക്കരയിലാണ് കൂടുതലായി ചെങ്ങാലിക്കോടൻ കൃഷിയറക്കിയിട്ടുള്ളത്. തെക്കുംകര, എരുമപ്പെട്ടി, മുണ്ടത്തിക്കോട് എന്നീ സ്ഥലങ്ങളിലും ചെങ്ങാലിക്കോടൻ വാഴത്തോട്ടങ്ങളുണ്ട്.
പാകമാകുന്നതോടെ ചെങ്ങാലിക്കോടൻ കായയ്ക്ക് സ്വർണ്ണനിറമാകും. പലരും ഗുരുവായൂരപ്പന് കാഴ്ചക്കുലയായി സമർപ്പിക്കുന്നതും ചെങ്ങാലിക്കോടനാണ്. നല്ല പാകമെത്തിയ ചെങ്ങാലിക്കോടൻ കായയ്ക്ക് 15 കിലോ വരെ തൂക്കം വരും. കൊവിഡ് ആയതിനാൻ ഇക്കുറി നേന്ത്രക്കായ വിപണിയിൽ വില അൽപ്പം കുറവാണെങ്കിലും, ആവശ്യക്കാർ ഏറെയുള്ളതിനാൽ ആശ്വാസത്തിലാണ് കർഷകർ. പുഴുങ്ങിയ പഴവും, ശർക്കര വരട്ടിയും, നാലു വറുത്തതുമെല്ലാം നാക്കിലയിൽ വിളമ്പിയാൽ മാത്രമേ ഓണസദ്യ പൂർണ്ണമാകൂ.
തലപ്പിള്ളി താലൂക്കിലെ പ്രത്യേക ജൈവാംശം അടങ്ങിയ മണ്ണാണ് ചെങ്ങാലിക്കോടൻ കൃഷിക്ക് അനുയോജ്യം. 2016ൽ ചെങ്ങാലിക്കോടന് ഭൂമി ശാസ്ത്ര സൂചിക ലഭിച്ചതോടെയാണ് ചെങ്ങാലിക്കോടൻ കായകളിൽ ഒന്നാമനായത്.
- ടി.ജി. സുജിത്ത്, കൃഷി ഓഫീസർ