കയ്പമംഗലം: ബഹ്റൈനിൽ കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ അഞ്ച് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശികളിൽ രണ്ടു പേർ മരിച്ചു. ചെന്ത്രാപ്പിന്നി ഹൈസ്കൂളിന് കിഴക്ക് കൂട്ടാലപറമ്പ് വെളമ്പത്ത് അശോകന്റെ മകൻ രജീബ് (39), അയൽവാസി വെളമ്പത്ത് സരസൻ മകൻ ജിൽസു (30) എന്നിവരാണ് മരിച്ചത്. പൊറ്റെക്കാട്ട് ശിവാനന്ദൻ മകൻ സുശാന്ത് (31), മലയാറ്റിൽ രാജൻ മകൻ ശ്രീജിത്ത് (33), വെളമ്പത്ത് ജയപ്രകാശൻ മകൻ പ്രണവ് (25) എന്നിവരാണ് ആശുപത്രിയിലുള്ളത്.
റിഫയ്ക്കടുത്ത് ഹജിയാത്തിൽ ന്യൂ സൺലൈറ്റ് ഗാരേജിലെ ജീവനക്കാരാണ് മൂന്നുപേർ. ഇവരുടെ സുഹൃത്തുകളാണ് മറ്റ് രണ്ട് പേർ. ശനിയാഴ്ച രാവിലെ വർക്‌ഷോപ്പ് തുറക്കാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയവരാണ് ഇവരെ താമസിക്കുന്നിടത്ത് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസിനെ വിവരമറിയിച്ചു.
പൊലീസ് എത്തി ഇവരെ ആശുപത്രിയിലേക്ക് മാറ്റി. വെള്ളിയാഴ്ച രാത്രിയോടെ കാറിൽ അഞ്ചുപേരും ഉറങ്ങിയെന്നാണ് വിവരം. എസിയിട്ട് ഉറങ്ങിയപ്പോൾ എ.സിയിലെ വിഷ വാതകം ശ്വസിച്ചതാവാം അപകടത്തിന് കാരണമായതെന്നാണ് സംശയം.
മറ്റുള്ളവർ അപകടനില തരണം ചെയ്തതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. നടപടിക്രമം പൂർത്തിയാക്കിയ ശേഷം മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. രജീബിന്റെ മാതാവ്: സതി. ഭാര്യ: മായ. മകൾ: ഹിരണ്യ. മരിച്ച ജിൽസു അവിവാഹിതനാണ്. മാതാവ് : ഷീജ. സഹോദരി: പൂജ.