തൃശൂർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഗ്രാൻഡ് കെയർ പദ്ധതി പ്രകാരം ജില്ലയിലെ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ കൊവിഡ് ആന്റിജൻ പരിശോധന ഇന്ന് മുതൽ തുടങ്ങും. ജില്ലയിലെ 84 ഗവൺമെന്റ് - സ്വകാര്യ വയോജന കേന്ദ്രങ്ങളിലാണ് ആന്റിജൻ ടെസ്റ്റുകൾ നടത്തുക. ജില്ലയിൽ ഏറ്റവും കൂടുതൽ വയോജനങ്ങളുള്ള രാമവർമപുരം ഓൾഡ് ഏജ് ഹോമിൽ ആരോഗ്യ വകുപ്പ് നേരിട്ടെത്തി പരിശോധനയ്ക്ക് തുടക്കം കുറിക്കും. വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ അടിയന്തര നടപടി സ്വീകരിച്ചു വരുന്നതിന്റെ ഭാഗമായി ആരോഗ്യ സാമൂഹിക നീതി വനിതാ ശിശു വികസന വകുപ്പുകൾ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ നിർദേദ്ദേശത്തെ തുടർന്നാണ് ടെസ്റ്റ് ആരംഭിക്കുന്നത്. കൊവിഡ് പശ്ചാത്തലത്തിൽ വയോജന സംരക്ഷണ കേന്ദ്രങ്ങളിൽ താമസിക്കുന്ന വയോജനങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്തും. ആരോഗ്യവകുപ്പും, എൻ.എച്ച് എമ്മും സാമൂഹിക നീതി വകുപ്പും സഹകരിച്ചാണ് പരിശോധനകൾ നടത്തുക. ഇതുസംബന്ധിച്ചുള്ള ആക്ഷൻ പ്ലാൻ ആരോഗ്യവകുപ്പ് എൻ.സി.ഡി ഡിവിഷൻ തയ്യാറാക്കി. പരിശോധന നടത്തുമ്പോൾ കൂടുതൽ പൊസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സ്ഥാപനങ്ങളെ സി.എഫ്.എൽ.ടി.സി ആക്കും. ഒന്നോ രണ്ടോ കേസുകൾ മാത്രമേ ഉള്ളൂ എങ്കിൽ അവരെ തൊട്ടടുത്തുള്ള സി.എഫ്.എൽ.ടി .സി യിലേക്ക് മാറ്റും.
മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടുതൽ സമ്പർക്കം
ചാലക്കുടി: കൊവിഡ് സ്ഥിരീകരിച്ച ആതിരപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റിന് നിരവധി പേരുമായി സമ്പർക്കമുണ്ടെന്ന് കണ്ടെത്തി. ഇപ്പോഴത്തെ പഞ്ചായത്തംഗം കൂടിയായ ഇവർക്ക്് 33 പേരുമായി നേരിട്ട് ബന്ധമുണ്ട്. ഇരുന്നൂറോളം ആളുകളുമായി രണ്ടാംഘട്ട സമ്പർക്കമെന്നും വിവരം ലഭിച്ചു. ഇവർ സഞ്ചരിച്ച കെ.എസ്.ആർ.ടി.സി ബസിലെ മുഴവൻ യാത്രക്കാരും പട്ടികയിൽപ്പെടും. വീട്ടിൽ മേഴ്സൻ പണി ചെയ്തവരും ക്വാറന്റൈനിലായി. ഇതോടെ പഞ്ചായത്ത് വീണ്ടും കടുത്ത ആശങ്കയിലായി.
പ്രതികൾക്ക് കൊവിഡ് :
പൊലീസുകാർ ക്വാറന്റൈനിൽ
ചാലക്കുടി: അറസ്റ്റിലായ പ്രതികൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ കൊരട്ടി സ്റ്റേഷനിൽ സി.ഐ അടക്കം പത്തു പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി. മുരിങ്ങൂരിൽ മൂന്നു ദിവസം മുമ്പ് പെൺവാണിഭ കേസിൽ അറസ്റ്റിലായ പത്തു പ്രതികളിൽ ഉൾപ്പെട്ടവരാണ് ഇവർ. രണ്ടു സ്ത്രീകളും 8 പുരുഷന്മാരുമാണ് പിടിയിലായത്. രാത്രയിൽ നടന്ന അറസ്റ്റിൽ പങ്കെടുത്ത പൊലീസുകാരാണ് ക്വാറന്റൈനിൽ പോയത്.