വടക്കാഞ്ചേരി: കുറാഞ്ചേരിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ മരിച്ച 19 പേർക്കും ആദരാഞ്ജലികൾ അർപ്പിക്കുന്ന പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. കൊവിഡ് മാനദണ്ഡം പാലിച്ച് ഓരോരുത്തരുടെയും ഛായാച്ചിത്രത്തിന് മുന്നിൽ ദീപം തെളിച്ച് പുഷ്പാർച്ചന നടത്തി. അപകടത്തിൽ തകർന്ന കിണർ വീണ്ടെടുത്തതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിർവഹിച്ചു. പുതുക്കിപ്പണിത കാത്തിരിപ്പു കേന്ദ്രം നഗരസഭാ ചെയർപേഴ്‌സൺ ശിവപ്രിയ സന്തോഷ് നാടിന് സമർപ്പിച്ചു. എ.സി.പി: ടി.എസ്. സിനോജ്, തെക്കുംകര പഞ്ചായത്ത്, നഗരസഭ, പൊലീസ്, വനംവകുപ്പ് തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.