crime

ചേർപ്പ്: കുടുംബ വഴക്കിനെ തുടർന്ന് മകനെ വെട്ടിപ്പരിക്കേൽപ്പിച്ച പിതാവ് ജീവനൊടുക്കി. ഊരകം കിസാൻ കോർണറിൽ കുണ്ടൂർ വീട്ടിൽ ചന്ദ്രനാണ് (60) വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. അക്രമത്തിൽ വെട്ടേറ്റ മകൻ വിനോദിനെ (37) തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെയായിരുന്നു സംഭവം. ചന്ദ്രനും വിനോദും തമ്മിലുണ്ടായ കുടുംബ വഴക്കിനിടയിൽ ദേഷ്യം വന്ന തെങ്ങ് കയറ്റ തൊഴിലാളിയായ ചന്ദ്രൻ മകനെ വാക്കത്തി ഉപയോഗിച്ചു വെട്ടുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ നാട്ടുകാർ വിനോദിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ ചന്ദ്രൻ വീടിന് സമീപത്തെ മരത്തിൽ തൂങ്ങുകയായിരുന്നു. വിശാലമാണ് ചന്ദ്രന്റെ ഭാര്യ. മകൾ: വിദ്യ. ചേർപ്പ്‌ സി.ഐ ടി.വി. ഷിബുവിന്റെ നേതൃത്വത്തിൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. ചന്ദ്രന്റെ മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്.