ചേലക്കര: ചേലക്കര പഞ്ചായത്തിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കൽ ഈ മാസം 26ന് നടക്കും. പ്രസിഡന്റായിരുന്ന ആർ. ഉണ്ണിക്കൃഷ്ണന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഭരണ സമിതിയുടെ കാലാവധി അവസാനഘട്ടത്തിലാണെങ്കിലും തിരഞ്ഞെടുപ്പിന് ഒട്ടേറെ പ്രത്യേകതകളുണ്ട്.

ഇക്കുറി തിരഞ്ഞെടുപ്പ് കഴിയുമ്പോൾ യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുമെന്നാണ് അറിയുന്നത്. പഞ്ചായത്തിലെ ഭരണം കൈയാളിയതും നിശ്ചയിച്ചതും ഇക്കാലത്തെല്ലാം ഓരോ മരണങ്ങളായിരുന്നു എന്നതാണ് പ്രത്യേകത.

കഴിഞ്ഞ തദ്ദേശ ഭരണ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 22 വാർഡുകളുള്ള ചേലക്കര പഞ്ചായത്തിൽ 11 അംഗങ്ങൾ വീതമാണ് എൽ.ഡി.എഫിനും യു.ഡി.എഫിനും ഉണ്ടായിരുന്നത്. നറുക്കെടുപ്പിലൂടെ ഭരണ സമിതിയെ തികഞ്ഞെടുക്കാനിരിക്കെ കോൺഗ്രസുകാരനായ വാർഡ് മെമ്പർ മരിച്ചു. അതോടെ ഇടതു മുന്നണിക്ക് ഭൂരിപക്ഷമായി.
സംവരണം പാലിക്കേണ്ടിയിരുന്നതിനാൽ ആർ. ഉണ്ണിക്കൃഷ്ണൻ പ്രസിഡന്റായ ഭരണ സമിതിയായിരുന്നു ഭരണം കൈയാളിയത്. പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ ലഭിച്ച അവസരം പാഴാക്കാതെ കുറച്ചു കാലേത്തേക്കെങ്കിലും വലതുമുന്നണി പ്രസിഡന്റിനെ വാഴിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്.

സംവരണ സീറ്റിലിരിക്കാൻ പുരുഷൻമാരില്ലെങ്കിലും മൂന്ന് വനിതകളിൽ ആരെ പ്രസിഡന്റാക്കുമെന്ന തീരുമാനം പുറത്തുവിട്ടിട്ടില്ല. വരുന്ന നവംബറിൽ പഞ്ചായത്ത് ഭരണസമിതിയുടെ കാലാവധി അവസാനിക്കും.