വെള്ളാങ്ങല്ലൂർ: വള്ളിവട്ടം കാട്ടകത്ത് മുഹമ്മദ് സലിമിന് സ്വാഭാവിക ജീവിതത്തിലേക്ക് തിരികെയെത്തിച്ചത് മഞ്ഞളാണ്. സലിം ജീവിതത്തിൽ ഒരു ഭാഗം നൽകിയാണ് മഞ്ഞളിനെ കൂടെ നിറുത്തിയത്. ഇപ്പോൾ ഒരു തികഞ്ഞ മഞ്ഞൾ പ്രേമിയാണ് മുഹമ്മദ് സലിം. മഞ്ഞൾ പ്രചാരകൻ.
അഞ്ചേക്കറിൽ മഞ്ഞൾക്കൃഷി ചെയ്യുന്നുണ്ട് ഈ 70 കാരൻ.
കൃഷിയും ബിസിനസുമൊക്കെയായി ജീവിക്കുന്ന കാലത്ത് പിടിപെട്ട ഒരു രോഗമാണ് സലീമിനെ മഞ്ഞളിലേക്കെത്തിക്കുന്നത്. പല ചികിത്സകളും ഫലിക്കാതെ വന്നപ്പോൾ, ഇരിങ്ങാലക്കുടയിലെ ഒരു ആയുർവേദ വൈദ്യരിലൂടെയാണ് സലീം മഞ്ഞളിന്റെ ഗുണമറിയുന്നത്. ഉറങ്ങാനും ഭക്ഷണം കഴിക്കാനും പോലുമാകാതെ കഷ്ടപ്പെട്ട ദിവസങ്ങളിൽ നിന്ന് മോചനം നൽകിയ മഞ്ഞളിനെ അദ്ദേഹം മറന്നില്ല. അലോപ്പതി ചികിത്സ അവസാനിപ്പിച്ച് ആയുർവേദത്തിലേക്കെത്തി.
അഞ്ചോ ആറോ നെല്ലിക്ക നീരെടുത്ത് അഞ്ച് ഗ്രാം മഞ്ഞൾപ്പൊടി ചേർത്ത് കുടിക്കും. അതൊരു ശീലമാക്കി. മെല്ലെ അസുഖം കുറഞ്ഞു തുടങ്ങി. അധികം വൈകാതെ പൂർണമായും മാറിയെന്ന് സലീം കാട്ടകത്ത് പറഞ്ഞു. പിന്നീട് മഞ്ഞളിനെക്കുറിച്ച് കൂടുതലറിയാനുള്ള ശ്രമമായി. ഒപ്പം കൃഷിയും ആരംഭിച്ചു.
ഇപ്പോൾ നാടൻ മഞ്ഞൾ പൊടിച്ച് വിൽക്കുകയും മഞ്ഞളറിവുകളെക്കുറിച്ച് ക്ലാസുകളെടുക്കുകയും ചെയ്യുന്നു. വീടിനോട് ചേർന്നുള്ള മൂന്നേക്കറിലും കുറച്ചു ദൂരത്തുള്ള രണ്ടേക്കറിലുമാണ് മഞ്ഞൾക്കൃഷി ചെയ്യുന്നത്. വീട്ടിൽ തന്നെയുണ്ടാക്കുന്ന ജൈവവളമാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. ഏപ്രിൽമേയ് മാസങ്ങളിലാണ് വിത്ത് പാകുന്നത്. അതിനു മുമ്പേ കുമ്മായമിട്ട് നിലമൊരുക്കും,' മഞ്ഞൾ കൃഷിരീതി വിശദീകരിക്കുകയാണ് കർഷകൻ സലിം.
'ജൂൺ മാസമെത്തുമ്പോഴേക്കും വീണ്ടും ജൈവവളമിട്ടു കൊടുക്കണം. എല്ലുപ്പൊടി, വേപ്പിലപ്പിണ്ണാക്ക്, കടലപ്പിണ്ണാക്ക്, ചാരം, ചാണകം, ജൈവകീടനാശിനിയായ സ്യൂഡോമോണസ് ഇതൊക്കെ ഇട്ട് കൊടുക്കും. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് വിളവെടുപ്പ്.' വിത്തിനുള്ളവ മാറ്റിവയ്ക്കും. പ്രതിഭ എന്ന ഇനമാണിപ്പോൾ നട്ടിരിക്കുന്നത്. കൂടുതലും നാടൻ ഇനമാണ് കൃഷി ചെയ്യുന്നത്. കൂട്ടത്തിൽ കസ്തൂരി മഞ്ഞളും. ആവിയിൽ പുഴുങ്ങി ഉണക്കിപ്പൊടിച്ചും പുഴുങ്ങാതെ ഉണക്കിപ്പൊടിച്ചുമാണ് മഞ്ഞൾപ്പൊടിയുണ്ടാക്കുന്നത്.
................
പറമ്പിൽ നിന്ന് നല്ല വിളവ് കിട്ടുന്നത് കൊണ്ടു തന്നെ പല കമ്പനിക്കാരും മഞ്ഞളാവശ്യപ്പെട്ട് സമീപിച്ചിരുന്നു. കമ്പനിക്കാരെടുത്താൽ നല്ല ലാഭം നേടാം. പക്ഷേ അങ്ങനെ കൊടുക്കാറില്ല. മഞ്ഞൾ വിത്തും മായം കലരാത്ത മഞ്ഞൾപ്പൊടിയും ജനങ്ങളിലെത്തിക്കണമെന്നതാണ് ആഗ്രഹം
മുഹമ്മദ് സലിം