14 ചുമട്ടു തൊഴിലാളികൾക്കും രണ്ടു പ്രതികൾക്കും പഞ്ചായത്ത് മുൻ പ്രസിഡന്റിനും രോഗം
ചാലക്കുടി: നഗരസഭയിലും പഞ്ചായത്തുകളിലുമായി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 31 പേർക്ക്. 14 ചുമട്ടുതൊഴിലാളികളും അറസ്റ്റിലായ രണ്ട് പ്രതികളും ഇതിൽപ്പെടും. അതിരപ്പിള്ളിയിൽ ഒരു മുൻ പഞ്ചായത്ത് പ്രസിഡന്റിനും രോഗം പിടിപെട്ടു. നഗരസഭാ പരിധിയിൽ ഇന്നലത്തെ വൈറസ് ബാധിതരുടെ എണ്ണം 11ആണ്.
നേരത്തെ മാർക്കറ്റിൽ നിന്നും രോഗമുണ്ടായ കോട്ടാറ്റ് സ്വദേശിയായ ചുമട്ടുതൊഴിലാളിയുടെ കുടുംബത്തിലെ അഞ്ച് പേർക്കും പരിശോധനാ ഫലം പോസിറ്റീവായി. സെന്റ് മേരീസ് ചർച്ച് വാർഡിലെയും കൂടപ്പുഴ വെട്ടുകടവ് റോഡിലെയും ഓരോ ചുമട്ടുതൊഴിലാളികൾക്കും രോഗം സ്ഥിരീകരിച്ചു. നോർത്ത് ചാലക്കുടിയിലെ ഒരു ഡോക്ടറുടെ മരുമകൾക്കും രോഗമുണ്ട്. സിവിൽ സപ്ലൈസ് ഗോഡൗണിലെ തൊഴിലാളിക്കും ഇയാളുടെ ഭാര്യക്കും രോഗം കണ്ടെത്തി. ഉറമ്പൻകുന്ന് സ്വദേശികളാണ്.
മോതിരക്കണ്ണി, കൊന്നക്കുഴി, അടിച്ചിലി എന്നിവിടങ്ങളിൽ നിന്നുള്ള മാർക്കറ്റിലെ ചുമട്ടുതൊഴിലാളികൾക്കും രോഗം കണ്ടെത്തി. കനകമല, മാരാങ്കോട്, മേച്ചിറ, മേലൂർ വെട്ടുകടവ്, കൊമ്പിടി, കുന്നപ്പിള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സിവിൽ സപ്ലൈസ് തൊഴിലാളികൾക്കും അടിച്ചിലിക്കാരായ റെയിൽവേ വാഗൺ തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മേലൂർ പഞ്ചായത്തിൽ ആകെ പത്തു രോഗബാധിതരാണുള്ളത്. നേരത്തെ രോഗമുണ്ടായ നഴ്‌സിന്റെ കുടുംബത്തിലെ മൂന്നും മുരിങ്ങൂരിലെ മറ്റൊരു സമ്പർക്ക രോഗിയും ഇതിൽപ്പെടും.
മുരിങ്ങൂരിൽ പെൺവാണിഭക്കേസിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ സിത്താരനഗർ സ്വദേശിയും മറ്റൊരാൾ ആളൂർ സ്വദേശിയുമാണ്. ഇതോടെ കൊരട്ടി സ്റ്റേഷനിൽ സി.ഐ ഉൾപ്പെടെ പത്തു പൊലീസ് ഉദ്യോഗസ്ഥർ ക്വാറന്റൈനിലായി. അതിരപ്പിള്ളിയിലെ മുൻ പഞ്ചായത്ത് പ്രസിഡന്റ് പിള്ളപ്പാറ സ്വദേശിനിയാണ്. നിരവധിയാളുകളുമായി സമ്പർക്കമുണ്ടെന്നാണ് പ്രാഥമിക വിവരം.