munakka-kadavu
മുനയ്ക്കക്കടവ് മദ്രസ്സയിൽ ചേർന്ന യോഗത്തിൽ കോ- ഓർഡിനേഷൻ കമ്മിറ്റി പ്രസിഡൻ്റ് പി.എ.സിദ്ധി സംസാരിക്കുന്നു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് മുനയ്ക്കക്കടവ് ഫിഷ് ലാൻഡിംഗ് സെന്ററിൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ ഇളവ് വരുത്തണമെന്ന് ഫിഷ് ലാൻഡിംഗ് സെന്റർ തൊഴിലാളികളുടെയും തൊഴിലാളി നേതാക്കളുടെയും യോഗം. നൂറുകണക്കിന് തൊഴിലാളികളുടെ ആശാ കേന്ദ്രമായ ഫിഷ് ലാൻഡിംഗ് സെന്ററിലെ കടുത്ത നിയന്ത്രണങ്ങൾ ഒട്ടേറെ ദുരിതത്തിന് കാരണമാകുന്നുവെന്ന് യോഗം ചൂണ്ടിക്കാട്ടി.

മത്സ്യം എടുക്കുന്നതിനായി വരുന്ന വാഹനങ്ങളെ ഫിഷ് ലാൻഡിംഗ് സെന്ററിലേക്ക് കടക്കാൻ അനുവദിക്കാത്തത് കാരണം ഇവിടെയുള്ള മത്സ്യക്കച്ചവടം തടസപ്പെടുന്നുണ്ട്. വള്ളങ്ങൾ പിടിക്കാൻ പൊലീസ് അനുവദിക്കുന്നില്ല. ഇതുമൂലം തൊഴിലാളികൾ പട്ടിണിയിലാകുമെന്നാണ് ആശങ്ക.

അതേസമയം തൊട്ടടുത്തുള്ള ചേറ്റുവ മിനി ഹാർബറിൽ അന്യസംസ്ഥാന വാഹനങ്ങൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് വന്നുപോകുന്നത്. അവിടെയില്ലാത്ത നിയന്ത്രണം ഇവിടെ നടപ്പിലാക്കണമെന്ന് പൊലീസ് വാശി പിടിക്കുന്നത് കടുത്ത വിവേചനമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. ഒരേ സ്ഥലത്ത് രണ്ട് തരം നിയമം എന്നത് അംഗീകരിക്കാനാകില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. വിവിധ ജനപ്രതിനിധികൾക്ക് നിവേദനം നൽകാനും കളക്ടറെ വിവരം ധരിപ്പിച്ച് പരിഹാരമുണ്ടാക്കാനും യോഗം തീരുമാനിച്ചു.

യോഗത്തിൽ കോ- ഓർഡിനേഷൻ കമ്മിറ്റി പ്രസിഡന്റ് പി.എ. സിദ്ധി അദ്ധ്യക്ഷനായി. നേതാക്കളായ പി.എ. ഷാഹുൽ ഹമീദ്, പി.കെ. ബഷീർ (എസ്.ടി.യു), കെ.എം. ഇബ്രാഹിം, ഹമീദ് അഞ്ചങ്ങാടി (ഐ.എൻ.ടി.യു.സി), ആച്ചി ബാബു (സി.ഐ.ടി.യു), പി.കെ. രാജേശ്വർ (എ.ഐ.ടി.യു.സി), വി.കെ. അഹമ്മദ് ഖാൻ, വി.എ. മനാഫ് (പി.ടി.യു.സി) എന്നിവരും തൊഴിലാളികളിൽ നിന്ന് കെ.ഐ. നൂറുദ്ദീൻ, അബ്ദുണ്ണി, കെ.എം. ലത്തീഫ്, കെ.എം. നജീബ്, കെ.ഐ. ആദം, കെ.കെ. ഷൗക്കത്ത് മാലിക്, സി.എച്ച്. ഷെരീഫ്, വി.എ. മനാഫ്, സി.എം. മനാഫ് തുടങ്ങിയവർ സംസാരിച്ചു.