തൃശൂർ : കൊവിഡ് രോഗികളുടെ എണ്ണത്തിൽ കുതിച്ചു ചാട്ടമില്ലാത്തത് ആശ്വാസമായിരിക്കേ ജില്ലയ്ക്ക് ഭീഷണിയായി മാറിയിരിക്കുകയാണ് അമല ക്ലസ്റ്റർ. ശക്തൻ ക്ലസ്റ്ററിൽ രോഗികളുടെ എണ്ണം വർദ്ധിച്ചതോടെ കോർപറേഷൻ പരിധിയിലെ 16 ഡിവിഷനുകളിൽ ചിലത് പൂർണ്ണമായും മറ്റുള്ളവ ഭാഗികമായും കണ്ടെയ്മെന്റ് സോണാക്കിയിരുന്നു.
ശക്തൻ മാർക്കറ്റിൽ ചുമട്ടു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നൂറിനടുത്ത് പൊസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചുമട്ടു തൊഴിലാളികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ ജൂലായ് അവസാനം മുതൽ ശക്തൻ മാർക്കറ്റ് അടച്ചിരുന്നു. രോഗ വ്യാപനം നിയന്ത്രിക്കാൻ ക്ലസ്റ്ററുകളിൽ തഹസിൽദാർമാരെ കമാൻഡിംഗ് ഓഫീസർമാരായും അസി. കമാൻഡിംഗ് ഓഫീസർമാരായും നിയമിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല.
കമാൻഡിംഗ് ഓഫീസർമാർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ നിർദ്ദേശം ഉത്തരവിൽ ഉണ്ടായിരുന്നില്ല. ക്ലസ്റ്റർ രൂപീകരിച്ച ശേഷം മൂന്നു ദിവസം ഒഴിച്ച് ബാക്കിയുള്ള എല്ലാ ദിവസവും ശക്തൻ ക്ലസറ്ററിൽ രോഗം സ്ഥിരീകരിച്ചിരുന്നു. ഒരു ദിവസം 14 പേർക്ക് വരെ സ്ഥിരീകരിച്ചു. അമല ആശുപത്രിയിൽ രണ്ട് ജീവനക്കാരിൽ നിന്ന് ഉണ്ടായ സമ്പർക്കവും പിടിച്ച് നിറുത്താനായിട്ടില്ല. ഓരോ ദിവസവും 15 നും 20 നുമിടയിൽ പൊസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്നലെ മാത്രം 37 കേസാണ് റിപ്പോർട്ട് ചെയ്തത്.
ആറ് ദിവസം കൊണ്ട് 101 കേസ് റിപ്പോർട്ട് ചെയ്തു. ആശുപതി അധികൃതർ സംഭവത്തെ അലം ഭാവത്തോടെയാണ് നേരിട്ടതെന്ന വിമർശനവുമുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കൽ സംഘം അമല ആശുപത്രി സന്ദർശിച്ചിരുന്നു. വ്യാപനം കൂടിയതോടെ ആശുപത്രി സ്ഥിതി ചെയ്യുന്ന അടാട്ട് പഞ്ചായത്ത് പൂർണ്ണമായും കണ്ടെയ്ൻമെന്റ് സോണാക്കി.
ശക്തൻ മാർക്കറ്റ് തുറക്കാൻ നടപടികളായില്ല
മാർക്കറ്റിൽ രോഗവ്യാപനമുണ്ടായതോടെ അടച്ചിട്ടത്, തുറക്കാൻ നടപടിയായില്ല. ഏതെല്ലാം കടകൾ തുറന്ന് പ്രവർത്തിപ്പിക്കാം എന്നത് സംബന്ധിച്ച ലിസ്റ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. പൊലീസിന് ഈ ലിസ്റ്റ് ലഭിച്ച ശേഷമേ തുറക്കുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്ന് എ.സി.പി വി.കെ രാജു പറഞ്ഞു. രോഗം സ്ഥിരീകരിച്ച ഉടനെ മാർക്കറ്റ് പൂർണ്ണമായും അണുനശീകരണം നടത്തി. ഏകദേശം രണ്ടായിരത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റാണ് ശക്തൻ. ഓണമടുത്തതോടെ മാർക്കറ്റ് തുറക്കാതിരിക്കുന്നത് മൂലം വലിയ ആശങ്കയിലാണ് കച്ചവടക്കാർ.
ശക്തൻ ക്ലസ്റ്റർ രോഗികൾ 83
അമല ക്ലസ്റ്റർ 101
കണ്ടെയ്ൻമെന്റ് സോണുകൾ അടാട്ട് പഞ്ചായത്ത് മുഴുവൻ
കോർപറേഷൻ പരിധിയിൽ 16 ഡിവിഷനുകൾ