മാള: കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കർഷക ദിനാചരണത്തിന്റെയും ബ്ലോക്ക് തല കാർഷിക വിജ്ഞാന കേന്ദ്രത്തിന്റെയും ഉദ്ഘാടനം അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ ഓൺലൈനായി നിർവഹിച്ചു. മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇ. കേശവൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജി വിത്സൺ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. രാധാകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്ന അനിൽകുമാർ, ശോഭ സുഭാഷ്, ടെസ്സി ടൈറ്റസ്, സിൽവി സേവ്യർ, വി.എ. നദീർ, സിജി വിനോദ്, മാള ബ്ലോക്ക് കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ സിന്ധു കുമാരി, ബി.ഡി.ഒ ജയ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. മാള ബ്ലോക്ക് കാർഷിക സേവന കേന്ദ്രത്തിന്റെ ആധുനിക യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനവും എം.എൽ.എ നിർവഹിച്ചു.
തെങ്ങിന് തടം കോരുന്ന യന്ത്ര സംവിധാനമാണ് കാർഷിക സേവന കേന്ദ്രം വികസിപ്പിച്ചെടുത്തിട്ടുള്ളത്. കാർഷിക ഗവേഷണ കേന്ദ്രം മണ്ണൂത്തി ആർ.എൻ.ടി വിഭാഗമാണ് യന്ത്രം രൂപകൽപ്പന ചെയ്തിട്ടുള്ളത്. ഒരു തെങ്ങിന് 1.6 മീറ്റർ വ്യാസത്തിൽ തടം എടുക്കാൻ ഇതിലൂടെ കഴിയും. ഒരു ടില്ലറിൽ യന്ത്രം ഘടിപ്പിക്കുന്നതിന് 6000 രൂപ ചെലവ് വരും. ഇങ്ങനെ തെങ്ങിന്റെ തടം എടുക്കുന്നതിന് ഒരു തെങ്ങിന് 50 രൂപ ഈടാക്കും. മാള ബ്ലോക്ക് പരിധിയിലെ മുഴുവൻ കൃഷി ഭവനിലും ഈ സേവനം ലഭ്യമാണ്.