തൃശൂർ : മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുള്ള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി പൊതു ജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കിവരുന്നു.
സുഭിക്ഷ കേരളം പദ്ധതിക്ക് 3,600 കോടി മാറ്റിവച്ചതിൽ 1450 കോടി രൂപയും കൃഷിക്കാണ്. സംസ്ഥാനത്ത് ആയിരത്തിലധികം മഴമറകൾ പൂർത്തിയാക്കി. ചെറുപ്പക്കാരും പ്രവാസികളും കൃഷിക്കിറങ്ങിയതിനാൽ തരിശ് ഭൂമി കുറഞ്ഞുവരുന്നു. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓൺലൈൻ വെബ്‌പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റെ ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.