ചാലക്കുടി: കോടശ്ശേരി പഞ്ചായത്തിലെ എട്ടാം വാർഡിൽ വീരഞ്ചിറ പനംകുറ്റിക്കൽ ക്ഷേത്രത്തിന് സമീപം ഞായപ്പിള്ളി മോഹനൻ ഭാര്യ വിജയലക്ഷ്മിയുടെ വാഴകൃഷിത്തോട്ടം കാട്ടാനക്കൂട്ടം നശിപ്പിച്ചു. 800 ഓളം കുലച്ച നേന്ത്രവാഴകളും, മൂന്ന് വർഷം പ്രായമായ റബർ മരങ്ങളും തെങ്ങ്, കവുങ്ങ് എന്നിവയുമാണ് കാട്ടാനകൾ നശിപ്പിച്ചത്.
നിർദ്ധനയും വിധവയുമായ വിജയലക്ഷ്മിക്ക് രണ്ട് പെൺമക്കളാണുള്ളത്. കുടുംബശ്രീയിൽ നിന്നും മറ്റും വായ്പ എടുത്തിട്ടാണ് വിജയലക്ഷ്മി വാഴക്കൃഷി നടത്തിയത്. ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടമാണ് കാട്ടാനക്കൂട്ടം വരുത്തി വച്ചത്. എടുത്ത വായ്പകൾ എങ്ങനെ തിരിച്ചടയ്ക്കുമെന്ന ആശങ്കയിലാണ് വിജയലക്ഷ്മി.
കാട്ടാനകൂട്ടം വഴിയാധാരമാക്കിയ വിജയലക്ഷ്മിക്ക് നഷ്ടപരിഹാരം നൽകണമെന്ന് ബി.ജെ.പി കോടശ്ശേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് സുകു പാപ്പാരി അദ്ധ്യക്ഷനായി. ജനറൽ സെക്രട്ടറി സനേഷ് രണ്ടുകൈ, എൻ.കെ. നാരായണൻ, സുധാമണി ശിവരാമൻ എന്നിവർ പ്രസംഗിച്ചു.