hnl

കൊച്ചി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡിനെ (എച്ച്.എൻ.എൽ)​ ഭീമമായ നഷ്ടത്തിലെത്തിച്ച ക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ആരോപണവിധേയനായ മാനേജിംഗ് ഡയറക്ടർ ഗോപാല റാവുവിനെതിരെ കേന്ദ്ര സർക്കാ‌ർ നടപടി തുടങ്ങി. പാലക്കാട് കഞ്ചിക്കോട് ഇൻസ്ട്രുമെന്റേഷൻ സി.എം.ഡി സ്ഥാനത്തു നിന്ന് ഗോപാലറാവുവിനെ നീക്കിയ കേന്ദ്രം,​ മദ്ധ്യപ്രദേശിലെ ന്യൂസ് പ്രിന്റ് ഉത്പാദനശാലയായ നേപയുടെ സി.എം.ഡി ആയി അദ്ദേഹത്തെ നിയമിക്കാനുള്ള കേന്ദ്ര ഘനവ്യവസായ വകുപ്പിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തു. എച്ച്.എൻ.എല്ലിലെ ക്രമവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ഗോപാലറാവുവിന് എതിരെ ഉടൻ നടപടി വരുമെന്ന് അറിയുന്നു.

മിനി നവരത്ന പദവിയുള്ള എച്ച്.എൻ.എല്ലിനെ ഗോപാലറാവു ആസൂത്രിത നീക്കത്തിലൂടെ നാഷണൽ കമ്പനി ലാ ട്രിബ്യൂണലിൽ (എൻ.സി.എൽ.ടി) എത്തിച്ചത് കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. ഐ.ടി.ഐ വെൽഡർ സർട്ടിഫിക്കറ്റ് മാത്രം സാങ്കേതിക യോഗ്യതയുള്ള ഗോപാലറാവു 2016 ൽ എം.ഡി ആയി ചുമതലയേറ്റതിനു ശേഷം ബോധപൂർവം കൈക്കൊണ്ട നടപടികളാണ് വൻ ലാഭത്തിലായിരുന്ന കമ്പനിയെ അടച്ചുപൂട്ടലിലെത്തിച്ചത്.

റാവു ചുതലയേൽക്കുമ്പോൾ മൂന്നു മാസത്തെ ഉത്പാദനത്തിനു വേണ്ടുന്ന 30 കോടിയുടെ അസംസ്‌കൃത വസ്തുക്കളും 25 കോടി മൂല്യമുള്ള ഉത്പന്നങ്ങളും ഉപഭോക്താക്കളിൽ നിന്നുള്ള കുടിശ്ശികയും ഉൾപ്പെടെ 80 കോടിയോളം രൂപയുടെ പ്രവർത്തന മൂലധനം കമ്പനിക്ക് കരുതലായുണ്ടായിരുന്നു. 120 കോടിയായിരുന്ന ബാധ്യത പിന്നീട് 500 കോടിയായി പെരുകി. രണ്ടു വർഷമായി ജീവനക്കാർക്ക് ശമ്പളം പോലും ലഭിക്കാത്ത ദുരവസ്ഥയിലാണ് എച്ച്.എൻ.എൽ.