ഗുരുവായൂർ: ചിങ്ങ മാസപുലരിയിൽ കണ്ണനെ കാണാൻ നിരവധി ഭക്തരെത്തി. കൊവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. കിഴക്കെ നടയിൽ ദീപസ്തംഭത്തിന് സമീപത്തു നിന്നും ദർശനം നടത്തി ഭക്തർ മടങ്ങി.
രാവിലെ മുതൽ തന്നെ കണ്ണനെ ദർശിക്കാൻ ഭക്തരെത്തിയിരുന്നു. രണ്ട് മീറ്റർ അകലത്തിലാണ് ഭക്തരെ വരിയായി നിറുത്തിയിരുന്നത്. കിഴക്കെ നടപ്പന്തലും കഴിഞ്ഞ് സത്രം ഗേറ്റിനപ്പുറം വരെ വരി നീണ്ടു. വൈകീട്ട് ദീപാരാധന സമയത്തും ദർശനത്തിനായി നിരവധിപേർ ക്ഷേത്ര സന്നിധിയിൽ എത്തിയിരുന്നു.
ചിങ്ങ മാസ പുലരിയിൽ ക്ഷേത്രത്തിൽ 20 വിവാഹങ്ങളും നടന്നു. വിവാഹങ്ങൾക്ക് ഏറെ തിരക്കുള്ള സമയമാണ് ചിങ്ങമാസം. ഒരു ദിവസം നാൽപത് വിവാഹങ്ങൾക്കാണ് അനുമതി നൽകുന്നത്. ഈ മാസം 21, 24, 26 തീയതികളിലും സെപ്തംബർ 10നും 40 വിവാഹങ്ങൾ ഇതിനോടകം ബുക്കിംഗ് ആയിട്ടുണ്ട്. സെപ്തംബർ നാലിനും മുപ്പതിലധികം വിവാഹങ്ങൾ ബുക്കായിട്ടുണ്ട്. ചിങ്ങ മാസത്തിൽ ആകെ 420 ഓളം വിവാഹങ്ങൾ ഇതിനകം ബുക്ക് ചെയ്തു കഴിഞ്ഞു. കഴിഞ്ഞ വർഷം ചിങ്ങ മാസത്തിൽ 1309 വിവാഹങ്ങളാണ് ക്ഷേത്ര സന്നിധിയിൽ നടന്നിരുന്നത്.