തൃശൂർ : സംസ്ഥാനത്ത് മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ മത്സ്യവകുപ്പിന്റെ നേതൃത്വത്തിൽ ഉടൻ നടപടി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനതല കർഷകദിനം, ബ്ലോക്ക്തല കാർഷിക വിജ്ഞാനകേന്ദ്രങ്ങൾ, കർഷകർക്കായുളള മൊബൈൽ ആപ്പുകൾ എന്നിവയുടെ ഉദ്ഘാടനം ഓൺലൈനിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇതിനായി പൊതുജലാശയങ്ങളിൽ മത്സ്യക്കുഞ്ഞുങ്ങളെ വളർത്തും. പൊതുകുളങ്ങളിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി മത്സ്യക്കുഞ്ഞുങ്ങളെ വളർത്തി മത്സ്യസമ്പത്തിൽ സ്വയംപര്യാപ്തത കൈവരിക്കാനുളള സാഹചര്യം ഒരുക്കും. സ്വന്തം വീട്ടുവളപ്പിലും മത്സ്യം വളർത്താൻ വേണ്ട സഹായം മത്സ്യവകുപ്പ് ഒരുക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ പട്ടിക തയ്യാറാക്കി വരുന്നു.
സുഭിക്ഷ കേരളം പദ്ധതിക്ക് 3,600 കോടി രൂപ മാറ്റിവെച്ചതായും ഇതിൽ 1450 കോടി രൂപ കൃഷിക്ക് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് ആയിരത്തിലധികം മഴമറകൾ പൂർത്തിയാക്കി. ചെറുപ്പക്കാരും പ്രവാസികളും കൃഷിക്കിറങ്ങിയതിനാൽ തരിശ് ഭൂമി കുറഞ്ഞുവരുന്നു. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയുടെ ഓൺലൈൻ വെബ്‌പോർട്ടലിന്റെയും മൊബൈൽ ആപ്ലിക്കേഷന്റേയും ലോഞ്ചിംഗും മുഖ്യമന്ത്രി നിർവഹിച്ചു. മന്ത്രി അഡ്വ. വി എസ് സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.
ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചടങ്ങിൽ വീഡിയോ കോൺഫറൻസിലൂടെ പ്രിൻസിപ്പൽ സെക്രട്ടറിയും കാർഷികോത്പാദന കമ്മിഷണറുമായ ഇഷിത റോയ് പദ്ധതി വിശദീകരിച്ചു. മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്, ടി.എൻ പ്രതാപൻ എം.പി തുടങ്ങിയവർ ഓൺലൈനിലൂടെ ആശംസ നേർന്നു. ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ.എസ് ഉമാദേവി, കാർഷിക സർവകലാശാല വൈസ് ചാൻസലർ ഡോ. ആർ. ചന്ദ്രബാബു തുടങ്ങിയവർ സന്നിഹിതരായി.
ക്ഷീര കർഷകർക്ക് ബൃഹത്തായ പദ്ധതി
തൃശൂർ: ക്ഷീര കർഷകർക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും ബൃഹത്തായ സഹായപദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് കെ. രാജൻ പറഞ്ഞു. കൊവിഡ്19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ജീവിതത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന ക്ഷീര കർഷകർക്ക് കാലിത്തീറ്റ സബ്സിഡി നൽകുന്നതിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ക്ഷീര കർഷകരെ സഹായിക്കാൻ ഒരു കൈത്താങ്ങ് എന്ന രീതിയിൽ സബ്സിഡി നൽകി കാലിത്തീറ്റ വിതരണം ചെയ്യാമെന്ന് ക്ഷീര വികസന വകുപ്പ് തീരുമാനിച്ചതിന്റെ ഭാഗമായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 10,208 ക്ഷീര കർഷകർക്ക് 14,960 ബാഗ് കാലിത്തീറ്റ 400 രൂപ ധനസഹായത്തോടെ നൽകുന്നു. ആകെ 59.84 ലക്ഷം രൂപ ഇതിനായി ചെലവഴിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഐ. എസ്. ഉമാദേവി, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി. എസ്. വിനയൻ, മിൽമ ചെയർമാൻ പി. എ. ബാലൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.