വടക്കാഞ്ചേരി: കേരളത്തിൽ ആദ്യമായി പുതിയ യന്ത്രവത്കരണ ഞാറ്റടി ഒരുക്കി വടക്കാഞ്ചേരി ഗ്രീൻ ആർമി. കാലാവസ്ഥാ വ്യതിയാനത്തിന്റെയും കൊവിഡ് കാലഘട്ടത്തിന്റെയും വെല്ലുവിളി അതിജീവിച്ച് കൃഷി വേഗത്തിലാക്കുകയും ഉത്പാദനം വർദ്ധിപ്പിക്കുകയുമാണ് ഗ്രീൻ ആർമി ലക്ഷ്യമിടുന്നത്.

കാട്ടു പന്നി, മയിൽ തുടങ്ങിയവയുടെ ആക്രമണത്തിൽ പലപ്പോഴും ഞാറ്റടി സംരക്ഷിച്ച് നടീൽ പൂർത്തിയാക്കുകയെന്നത് കർഷകനെ സംബന്ധിച്ച് ദുഷ്‌കരമാണ്. പാടം ഒരുക്കി നൽകിയാൽ ആധുനിക യന്ത്രങ്ങൾ ഉപയോഗിച്ച് കൃഷിപ്പണി എളുപ്പമാകുന്ന രീതിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്.

പൂർണ്ണമായും മണ്ണ് ഒഴിവാക്കി ചകിരി, കമ്പോസ്റ്റ്, വെർമി കമ്പോസ്റ്റ് എന്നിവ ഉപയോഗിച്ചാണ് ട്രേയിലാണ് ഞാറ്റടി തയ്യാറാക്കുന്നത്. സാധാരണ കർഷകർ ഉപയോഗിക്കുന്ന വിത്തിൽ മൂന്നിലൊരു ഭാഗം മാത്രമേ യന്ത്രഞാറ്റടിയിൽ വേണ്ടിവരികയുള്ളൂ. പൂർണ്ണമായും ജൈവരീതിയിൽ തയ്യാറാക്കുന്ന ഞാറ്റടിയിലൂടെ പാശേഖരത്തെ മണ്ണിനെ തിരിച്ചുപിടിക്കാനാകുമെന്നത് കർഷകരെ സംബന്ധിച്ച് ആകർഷമാണ്.

കാർഷിക സർവകലാശാലയിലെ അഗ്രികൾച്ചറൽ റിസർച്ച് സ്റ്റേഷന്റെ സഹായത്തോടെയാണ് ഞാറ്റടി തയ്യാറാക്കിയിട്ടുള്ളത്. കർഷകന് എട്ട് മുതൽ 10 ടൺ വരെ വിളവ് ഉറപ്പാക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.

കൊവിഡ് കാലഘട്ടത്തിൽ പൊതുഗതാഗത ലഭ്യതക്കുറവും, അതിഥി തൊഴിലാളികളുടെ തിരിച്ചുപോക്കും മൂലം കർഷകർക്ക് വലിയ പ്രതിസന്ധി നേരിടേണ്ടി വന്നിരുന്നു. ഈ സാഹചര്യം കണക്കിലെടുത്താണ് ഗ്രീൻ ആർമി പുതിയ സംരഭവുമായി മുന്നോട്ടു വന്നത്.

- എം.ആർ. അനൂപ് കിഷോർ (ഗ്രീൻ ആർമി കോ- ഓർഡിനേറ്റർ), പി.ആർ. അരവിന്ദാക്ഷൻ (പ്രസിഡന്റ്)