പാവറട്ടി: ജില്ലയിലെ ഏനാമാക്കൽ ജലസേചന വകുപ്പ് ഓഫീസ് കാടുകയറി നശിക്കുന്നു. ഒരു അസിസ്റ്റന്റ് എൻജിനിയർ, രണ്ട് ഓവർസിയർ, ഒരു ലാസ്‌കർ ഉൾപ്പെടെ നാലു ഉദ്യോഗസ്ഥരാണ് ഇവിടെയുള്ളത്. എല്ലാവരും പ്രൊഫഷണൽ ടാക്‌സ് കൃത്യമായി വെങ്കിടങ്ങ് പഞ്ചായത്തിൽ അടയ്ക്കുന്നുണ്ടെങ്കിലും ഓഫീസ് വർഷങ്ങളായി തുറക്കുന്നില്ലെന്നാണ് പരാതി.
ടി.എം. ജേക്കബ് ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ 1995ലാണ് തൃശൂരിൽ നിന്നും ഏനാമാക്കലിലേക്ക് ഓഫീസ് മാറ്റിയത്. മുല്ലശ്ശേരി കനാൽ മുതൽ കരുവന്നൂർ പുഴ വരെയുള്ള കോൾ നിലങ്ങളാണ് പ്രവർത്തന പരിധി. കോൾ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ റെഗുലേറ്ററുകൾ പ്രവർത്തിപ്പിക്കുകയും കെ.എൽ.ഡി.സി കനാലിലൂടെ കൃഷിക്ക് ശുദ്ധജലം ലഭ്യമാക്കുകയുമാണ് മുഖ്യ ചുമതല.
ഓഫീസ് പ്രവർത്തിപ്പിക്കുന്നതിന് വെങ്കിടങ്ങ് പഞ്ചായത്തിൽ ഏനാമാക്കൽ റെഗുലേറ്ററിന് സമീപം നെഹ്‌റു പാർക്കിനടുത്തായി സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും ഉദ്യോഗസ്ഥർ ഇവിടേക്ക് വരാറില്ലെന്നാണ് കർഷകരുടെ പരാതി. തൃശൂർ ഇറിഗേഷൻ സബ് ഡിവിഷനോട് ചേർന്ന് ഒരു മുറി സംഘടിപ്പിച്ച് അവിടെ ഇരുന്നാണ് ഇപ്പോൾ ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നത്. ഏനാമാക്കൽ റെഗുറേറ്ററിലെ വാട്ടർ ലെവൽ രേഖപ്പെടുത്താൻ മാത്രമായി ലാസ്കർ തസ്തികയിലുള്ള ഉദ്യോഗസ്ഥൻ ഇടയ്ക്ക് വന്നുപോകുന്നുണ്ടത്രെ.
വർഷം തോറും രണ്ടര കോടിയോളം രൂപ കോൾ ചാലുകളിലെ ചണ്ടി നീക്കം ചെയ്യുന്നതിനും താത്കാലിക മൺചിറകളുടെ നിർമ്മാണത്തിനും മാത്രമായി ചെലവഴിക്കാറുണ്ട്. എന്നാൽ ഈ പ്രവൃത്തികളുടെ പകുതിപോലും ഉദ്യോഗസ്ഥരുടെ വീഴ്ച മൂലം നടക്കാറില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. കർഷകരുടെ താത്പര്യാർത്ഥം ഓഫീസ് ഏനാമാക്കലിൽ പ്രവർത്തിക്കാൻ വേണ്ട നടപടികൾ കളക്ടർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് കോൾ കർഷകർ.
സാമൂഹിക വിരുദ്ധരുടെ താവളം
ഏനമാക്കൽ സെക്‌ഷൻ ഓഫീസ് കാട് കയറി നശിക്കുകയാണ്. രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെ താവളമായും മാറുന്നു. അടുത്ത കാലത്തായി ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡ് ഇളക്കി മാറ്റിയതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.
അട്ടിമറി ഇങ്ങനെ
ഓഫീസ് പ്രവർത്തനം തുടങ്ങിയത് 95ൽ ടി.എം. ജേക്കബ്ബിന്റെ കാലത്ത്
മുല്ലശ്ശേരി കനാൽ മുതൽ കരുവന്നൂർ പുഴ വരെ പ്രവർത്തന പരിധി
നാല് ഉദ്യോഗസ്ഥരുണ്ട്, പ്രൊഫഷണൽ ടാക്സ് വെങ്കിടങ്ങിൽ അടയ്ക്കുന്നു
ഓഫീസ് അട്ടിമറിച്ചത് സബ് ഡിവിഷൻ ഓഫീസിൽ മുറി സംഘടിപ്പിച്ച്
കൃഷിക്ക് ഗുണകരമല്ല, കളക്ടർ ഇടപെടണമെന്ന് കർഷകർ
ചുമതല
കോൾ നിലങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതെ റെഗുലേറ്ററുകൾ പ്രവർത്തിപ്പിക്കുകയും കെ.എൽ.ഡി.സി കനാലിലൂടെ കൃഷിക്ക് ശുദ്ധജലം ലഭ്യമാക്കുകയുമാണ് മുഖ്യ ചുമതല.