corona

മാർക്കറ്റുകളും പൊതുസ്ഥലങ്ങളുമെല്ലാം വിട്ട് തൃശൂരിലെ ആശുപത്രികളിലെ ഒ.പിയിലും ഐ.പിയിലും കയറിക്കിടപ്പാണ് കൊവിഡ്. ശുചീകരണ തൊഴിലാളിയുടെ കൂടെപ്പോന്ന് അമല മെഡിക്കൽ കോളേജിൽ കയറിപ്പറ്റിയ ഈ ഭീകരൻ ആശുപത്രി പൂട്ടിയിടേണ്ട അവസ്ഥയിലെത്തിച്ചു. ജനുവരി 30 ന് രാജ്യത്ത് തന്നെ ആദ്യം കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത തൃശൂരിൽ ആദ്യമായാണ് രോഗം ഇത്രയധികം പേർക്ക് സ്ഥിരീകരിക്കുന്നത്. അമല മാത്രമല്ല, ചാലക്കുടി, മങ്കര ക്ളസ്റ്ററുകളിൽ രോഗം അതിവേഗം പടരുന്നത് ആരോഗ്യ വകുപ്പിനെയും ജില്ലാ ഭരണകൂടത്തെയും വലയ്ക്കുന്നുണ്ട്.

150ൽ 144 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. ഇതും പ്രതിദിനകണക്കിൽ കൂടുതലാണ്. അമലയിൽ നൂറോളം പേർക്ക് രോഗബാധയുണ്ടായി. ഇതിൽ ആരോഗ്യപ്രവർത്തകരും ഏറെയുണ്ട്. സമ്പർക്കത്തിലൂടെ അഞ്ച് ദിവസത്തിനിടെ രോഗം പകർന്നത് 64 പേർക്കായിരുന്നു. കഴിഞ്ഞ 12 നാണ് രണ്ട് പേർക്ക് അമലയിൽ രോഗം സ്ഥിരീകരിച്ചത്. ദിവസവും ആയിരക്കണക്കണിന് രോഗികളും മറ്റുളളവരും എത്തുന്ന ആശുപത്രിയാണിത്. രോഗം കണ്ടെത്തിയവർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് പ്രാഥമിക സമ്പർക്കപട്ടിക തന്നെ കണ്ടെത്താൻ സാധിക്കാത്ത വിധത്തിൽ വിപുലമാണെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്. നൂറുകണക്കിന് പേരെ നിരീക്ഷണത്തിലാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം മെഡിക്കൽസംഘം അമല ആശുപത്രി സന്ദർശിച്ചിരുന്നു. വ്യാപനം കൂടിയതോടെ ആശുപത്രി സ്ഥിതി ചെയ്യുന്ന അടാട്ട് പഞ്ചായത്ത് പൂർണമായും കണ്ടെയ്ൻമെന്റ് സോണാക്കി.

കച്ചവടം പൂട്ടിച്ച്

രോഗവ്യാപനം നിയന്ത്രിക്കാൻ ക്ലസ്റ്ററുകളിൽ തഹസിൽദാർമാരേയും കമാൻഡിംഗ് ഓഫീസർമാരേയും അസി. കമാൻഡിംഗ് ഓഫീസർമാരായും നിയമിച്ചെങ്കിലും തുടർനടപടി ഉണ്ടായില്ല. കമാൻഡിംഗ് ഓഫീസർമാർ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് വ്യക്തമായ നിർദ്ദേശം ഉത്തരവിൽ ഉണ്ടായിരുന്നില്ലെന്നും പറയുന്നു. ആദ്യം ഗവ.മെഡിക്കൽ കോളേജ് വഴിയായിരുന്നു കൊവിഡിന്റെ പൊട്ടിപ്പുറപ്പെടൽ. അത്യാഹിതവിഭാഗത്തിൽ എത്തിച്ചവരിൽ പലരും രോഗബാധിതരായി. ഡോക്ടർമാരും നഴ്സുമാരും അടക്കം ഇരുനൂറോളം പേർ നിരീക്ഷണത്തിലായി. പിന്നീടായിരുന്നു മീൻമാർക്കറ്റുകളിലേക്കും ശക്തൻ മാർക്കറ്റിലേക്കും വൈറസ് ചാടിയത്. ശക്തൻ മാർക്കറ്റ് അടച്ചിട്ട് ഏതാണ്ട് നിയന്ത്രണവിധേയമാക്കി. ഏകദേശം രണ്ടായിരത്തോളം പേർ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന ജില്ലയിലെ ഏറ്റവും വലിയ മാർക്കറ്റാണ് ശക്തൻ. മാർക്കറ്ര് തുറന്നതോടെ അല്‌പം ആശ്വാസത്തിലാണ് കച്ചവടക്കാർ.

കരകയറ്റാൻ കൃഷി
കൊവിഡിലും പോയ വർഷങ്ങളിലെ പ്രളയത്തിലും നട്ടംതിരിഞ്ഞ കർഷകരെ കരകയറ്റാനുളള തീവ്രയത്നങ്ങളാണ് തൃശൂരിലും നടക്കുന്നത്. വളർത്തുമൃഗങ്ങളെ നഷ്ടമായ കർഷകർക്ക് ധനസഹായം നൽകിയും കേരഗ്രാമം വഴി തേങ്ങ ഉത്പാദനം കൂട്ടിയും കൊവിഡ് കാലത്ത് ജില്ലയെ കാർഷിക സ്വയംപര്യാപ്തമാക്കാനാണ് ശ്രമം. ചേലക്കര നിയോജക മണ്ഡലത്തിലെ തിരുവില്വാമല പഞ്ചായത്തിൽ കേരഗ്രാമം പദ്ധതിക്ക് 45.17 ലക്ഷം രൂപയാണ് അനുവദിച്ചത്. തെങ്ങ് കൃഷിക്കുള്ള ധനസഹായം കർഷകർക്ക് ഉടൻ ലഭ്യമാകും. കേരഗ്രാമം പദ്ധതി അനുവദിക്കുന്നതിനായി യു.ആർ പ്രദീപ്‌ എം.എൽ.എ കൃഷിമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. തേങ്ങ ഉത്പാദനം വർദ്ധിപ്പിക്കാൻ ആവശ്യമായ ധനസഹായവും സാങ്കേതിക സഹായവും കൃഷിഭവൻ മുഖേന കർഷകർക്ക് നല്‍കും. രോഗം ബാധിച്ചതും ഉത്പാദനം കുറഞ്ഞതുമായ തെങ്ങുകൾ വെട്ടിമാറ്റി ഗുണമേന്മയുള്ള തെങ്ങിൻ തൈകൾ നട്ടുപ്പിടിപ്പിക്കൽ, പമ്പ് സെറ്റ് വിതരണം, തെങ്ങുകയറ്റയന്ത്രം വിതരണം, ജൈവവള ഉത്പാദന യൂണിറ്റ് സ്ഥാപിക്കൽ എന്നിവയ്ക്ക് സബ്സിഡിയുമുണ്ടാകും. കേരസമിതിയുടെ പ്രവർത്തന ചെലവ്, തെങ്ങിൻ തോട്ടങ്ങളിൽ ഇടവിളകൃഷി , കേരകർഷകർക്ക് രാസവളം, ജൈവവളം എന്നിവയ്ക്ക് ധനസഹായം നല്‍കൽ, കുമ്മായ വിതരണം, തടം തുറക്കൽ, ഇടയിളക്കൽ എന്നിവ അടക്കം തെങ്ങുകൃഷി പരിപോഷിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമുള്ള സഹായങ്ങളുണ്ടാകും. തേങ്ങ ഉത്പാദനം വർദ്ധിപ്പിച്ച് കർഷകരുടെ വരുമാനം കൂട്ടുന്നതിനുള്ള മറ്റ് പ്രവർത്തനങ്ങളുമുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ കേരഗ്രാമം പദ്ധതി കൊണ്ടാഴി, പഴയന്നൂർ, മുള്ളൂർക്കര, വരവൂർ എന്നീ കൃഷിഭവനുകളിൽ വിജയകരമായി നടപ്പിലാക്കിയിരുന്നു. ചേലക്കര നിയോജക മണ്ഡലത്തിലെ അഞ്ച് പഞ്ചായത്തുകളിലെ കൃഷിഭവനുകളിൽ കേരഗ്രാമം പദ്ധതി നടപ്പിലാക്കിയിരുന്നു.