തൃശൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ലംഘിക്കുന്നതിൽ ആരോഗ്യ പ്രവർത്തകർക്ക് ആശങ്ക. കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് പോലും ആളുകൾ പുറത്തുചാടി ജോലിക്കും മറ്റാവശ്യങ്ങൾക്കും പോകുന്നതും സമ്പർക്ക സാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് ആശങ്ക.
കണ്ടെയ്‌ൻമെന്റ് സോണുകളിൽ നിന്ന് പുറത്തേക്കോ, അകത്തേക്കോ പ്രവേശിരുതെന്നാണ് നിർദ്ദേശം. എന്നാൽ പുലർച്ചെ തന്നെ പലരും പുറത്ത് കടക്കുകയാണ് ചെയ്യുന്നത്. നിയന്ത്രണ മേഖലകളിൽ നിന്ന് പുറത്തേക്ക് കടക്കുന്നതിനുള്ള റോഡുകൾ പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് അടച്ചിടുന്നുണ്ടെങ്കിലും ഇതെല്ലാം നീക്കിയാണ് സഞ്ചാരം.
കഴിഞ്ഞ എതാനും ആഴ്ചകളായി ജില്ലയിൽ പോസിറ്റീവാകുന്ന കേസുകളിൽ 95 ശതമാനത്തിലേറെ പേർക്കും സമ്പർക്കത്തിലൂടെയാണെന്നത് സ്ഥിരീകരിച്ചിട്ടുണ്ട്.
വാഹനങ്ങളെല്ലാം പുറത്ത്
കണ്ടെയ്‌ൻമെന്റ് സോണിലെ ഭൂരിഭാഗം വാഹനങ്ങളും പുറത്ത് വിവിധയിടങ്ങളിൽ നിറുത്തിയിട്ട് രാവിലെ എടുത്തുകൊണ്ടുപോകുകയാണ് ചെയ്യുന്നത്. കൂടുതൽ നിയന്ത്രണങ്ങളുള്ള സ്ഥലങ്ങളിൽ മാത്രമാണ് പൊലീസ് കാവലുള്ളത്. പ്രധാന റോഡുകളിൽ ബാരിക്കേഡുകൾ കെട്ടി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷണത്തിലിരിക്കുന്നവരെ പൊലീസും ആരോഗ്യ വകുപ്പും നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും ഇത്തരക്കാരുടെ വീടുകളിലെ മറ്റുള്ളവർ പുറത്തിറങ്ങുന്നതും ഭീഷണിയാകുന്നുണ്ട്.
ആരോഗ്യ പ്രവർത്തകരും പ്രതിസന്ധിയിൽ
നിയന്ത്രണ മേഖലയിൽ നിന്ന് ആരെങ്കിലും പുറത്ത് പോകുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ല. പല വാർഡുകളിലും ഒന്നോ രണ്ടോ ആശാവർക്കർമാർ മാത്രമാണുള്ളത്. ആർ.ആർ.ടി പ്രവർത്തകരാണ് കണ്ടെയ്‌ൻമെന്റ് സോണുകളിലെ വീട്ടുകാർക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നത്. ഒരിടത്ത് സമ്പർക്കത്തിലൂടെ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചാൽ പ്രദേശത്തെ ആരോഗ്യപ്രവർത്തകർക്ക് വിശ്രമമില്ലാത്ത ജോലിയാണ്. രോഗിയുമായി പ്രത്യക്ഷത്തിൽ ഇടപഴകിയവരുടെ സമ്പർക്കത്തിന് പുറമേ സെക്കൻഡറി ലിസ്റ്റ് തയ്യാറാക്കലും അവരെ കണ്ടെത്തലും ഭാരിച്ച ജോലിയാണ്.
പഴി ജനപ്രതിനിധികൾക്ക്
കണ്ടെയ്‌ൻമെന്റ് സോണുകൾ നിർണണയിക്കുന്നതും പിൻവലിക്കുന്നതും ഡി.എം.ഒയുടെ റിപ്പോർട്ട് പ്രകാരം ജില്ലാ ഭരണകൂടമാണെങ്കിലും പലപ്പോഴും പഴി കേൾക്കുന്നത് വാർഡ്/ ഡിവിഷൻ പ്രതിനിധികളാണ്. രോഗികളുടെ എണ്ണം കുറഞ്ഞാൽ നിയന്ത്രണം പിൻവലിക്കുന്നതിൽ ജനപ്രതിനിധികൾ ഇടപെടുന്നില്ലായെന്ന ആക്ഷേപമാണ് ചിലർ ഉയർത്തുന്നത്.