kkk
പാലത്തിന്റെ ഇരുമ്പ് ടാർഡുകൾ തുരുമ്പെടുത്ത് ബലക്ഷയം സംഭവിച്ചുകൊണ്ടിരിക്കുന്ന കാഞ്ഞാണി പെരുമ്പുഴ ചെറിയപാലം

കാഞ്ഞാണി: തൃശൂർ - വാടാനപ്പിള്ളി സംസ്ഥാന പാതയിൽ 19 കിലോ മീറ്റർ ദൂര പരിധിക്കുള്ളിലുള്ള നാലു പാലങ്ങൾ അപകട ഭീഷണിയിൽ. ചേറ്റുപുഴ, പെരുമ്പുഴ, കണ്ടശ്ശാംകടവ് എന്നിവിടങ്ങളിലെ നാലു പാലങ്ങളാണ് അപകടാവസ്ഥയിലുള്ളത്. പാലങ്ങളുടെ പുറം ഭാഗവും,​ അടിഭാഗവും ആശങ്കപ്പെടുത്തും വിധം ദുർബലമാണ്. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതിലൂടെ കടന്നുപോകുന്നത്.


ചേറ്റുപുഴയിലെ പാലത്തിന്റെ കൈവരികളെല്ലാം തകർന്ന് കമ്പികൾ തൂരുമ്പെടുത്ത് ദ്രവിച്ച നിലയിലാണ്. അറ്റകുറ്റപ്പണി പെയിന്റിംഗിൽ മാത്രം ഒതുക്കി. അരിമ്പൂർ മണലൂർ പഞ്ചായത്തിന്റെ അതിർത്തിയിലുള്ള കാഞ്ഞാണി പെരുമ്പുഴ വലിയ പാലവും,​ ചെറിയ പാലവും കണ്ടശ്ശാംകടവ് പാലവും അപകട ഭീഷണിയിലാണ്.

അഞ്ചുവർഷം മുമ്പ് കണ്ടശ്ശാംകടവ് പാലത്തിന് ബലക്ഷയം ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സമാന്തര പാലം പണിയാനുള്ള തീരുമാനവും പ്രഖ്യാപനത്തിലൊതുങ്ങി. കണ്ടശ്ശാംകടവ് പാലത്തിൽ താത്കാലികമായി അറ്റകുറ്റപ്പണി നടത്തിയെങ്കിലും പാലം അപകട ഭീഷണിയിലാണ്. എന്നാൽ ഇവിടെയും സുരക്ഷിതത്വം ഉറപ്പുവരുത്തൽ കളർ പെയിന്റിംഗിൽ ഒതുക്കി.

പെരുമ്പുഴയിലെ വലിയ പാലത്തിന്റെ അടിവശം തുരുമ്പെടുത്ത് ഏതുനിമിഷവും നിലംപതിക്കാവുന്ന സ്ഥിതിയിലാണെന്ന് നാട്ടുകാർ കണ്ടെത്തിയിരുന്നു. 72 വർഷം പഴക്കമുള്ളതാണ് കാഞ്ഞാണി പെരുമ്പുഴ വലിയപാലം. ഇതേ അവസ്ഥയാണ് പെരുമ്പുഴയിലെ ചെറിപാലത്തിനുള്ളത്. പാലം നിലനിറുത്തുന്നത് ഇരുമ്പുടാർഡുകളാണ്. ഈ ടാർഡുകളെല്ലാം തുരുമ്പെടുത്ത് ദ്രവിച്ച നിലയിലാണുള്ളത്.


പെരുമ്പുഴയിലെ വലിയ പാലം ഒരു വശത്തേക്ക് ചരിഞ്ഞതിനെ തുടർന്ന് പരിശോധനയിൽ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതുകൊണ്ടാണ് പാലം അപകടാവസ്ഥായിലായതെന്ന് ഡിവിഷൻ എക്‌സിക്യൂട്ടിവ് എൻജിനിയർ ഷിജി കരുണാകരൻ കണ്ടെത്തിയിരുന്നു. ഇതേ അവസ്ഥയാണ് ചേറ്റുപുഴ, കാഞ്ഞാണി പെരുമ്പുഴ, കണ്ടശ്ശാംകടവ് , എന്നിവടങ്ങളിലെ പാലങ്ങൾക്കുള്ളത്.


എങ്ങുമെത്താത്ത തൃശൂർ വാടാനപ്പിള്ളി സംസ്ഥാന പാതയുടെ പേരിൽ കലാകാലങ്ങളിൽ പാലങ്ങളുടെ അറ്റകുറ്റപ്പണി ചെയ്യാത്തതും,​ പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അനാസ്ഥയും ഫയലുകളുടെ മെല്ലെപോക്ക് നയവും ഇതിനൊരു കാരണമാകുന്നു.