കയ്പമംഗലം: ഒരേ റോഡിന്റെ പേരുകളിൽ വ്യത്യാസമെന്ന് ആക്ഷേപം. പെരിഞ്ഞനം പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ 22 ലക്ഷം രൂപ ചെലവഴിച്ച് പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്ന കൊറ്റംകുളം ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡാണ് ശ്രീനാരായണ റോഡ് എന്ന് അറിയപ്പെടുന്നത്. ഈ റോഡിന്റെ സമീപം ശ്രീനാരായണ റോഡ് എന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ കിഴക്ക് ഈസ്റ്റ് ടിപ്പു സുൽത്താൻ റോഡിൽ കൊറ്റംകുളം റോഡിലേക്കുള്ള ദിശാ ബോർഡിൽ ശ്രീമുരുക റോഡ് എന്ന പേരാണ് എഴുതിയിരിക്കുന്നത്. ഇതിൽ എൻ.എച്ച് 66, കൊറ്റംകുളം എന്നും എഴുതിയിട്ടുണ്ട്. പഞ്ചായത്തിൽ മറ്റൊരു റോഡിന് ശ്രീമുരുക റോഡ് എന്ന് പേരും ഉണ്ട്. ദിശാ ബോർഡുകളിലെ പേരുകളിലെ വ്യത്യാസത്തിനെതിരെ പൊതുപ്രവർത്തകനായ സി.പി. അജയനാണ് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയത്. എന്നാൽ ബോർഡ് സ്ഥാപിച്ചപ്പോൾ മാറിപ്പോയതാണെന്നും, അസി. എൻജിനിയർക്ക് മാറ്റി സ്ഥാപിക്കാൻ റിപ്പോർട്ട് നൽകിയതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.