മാള: മാളയിലെ ട്രഷറി കെട്ടിടം തകരാറിലായി മറ്റൊരിടത്തേക്ക് മാറ്റുമെന്ന ഘട്ടത്തിലാണ് ഇടപെട്ടതെന്ന് അന്നമനട ഗ്രാമപഞ്ചായത്ത് അധികൃതർ. അന്നമനടയിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലയിലേക്ക് കയറാൻ പ്രായമായവർക്ക് പ്രയാസം ഉണ്ടെന്നതിനാൽ താഴെ മറ്റൊരു സ്ഥലം വിട്ടുനൽകാനും കെട്ടിടം നിർമ്മിക്കാനും തയ്യാറാണ്. ആരും സ്ഥലം നൽകാതിരുന്നപ്പോഴാണ് അന്നമനട പഞ്ചായത്ത് വാടകയില്ലാതെ സൗകര്യം ഒരുക്കിയത്.
20 വർഷം അന്നമനടയിൽ പ്രവർത്തിച്ച ട്രഷറിയാണ് സ്വകാര്യ വ്യക്തി നൽകിയ കേസിന്റെ അടിസ്ഥാനത്തിൽ മാളയിലേക്ക് മാറ്റിയത്. മാളയിലെ കെട്ടിടം തകരാറിലായപ്പോൾ അന്നമനട ഗ്രാമപഞ്ചായത്ത് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കളും കൂടി സഹകരിച്ചാണ് ട്രഷറി മാറ്റത്തിന് അനുവാദം നേടിയെടുത്തത്. ഇക്കാര്യത്തിൽ ഒരു രഹസ്യനീക്കവും ഉണ്ടായിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ അന്നമനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ടൈറ്റസ്, സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ഒ. പൗലോസ് എന്നിവർ പറഞ്ഞു.