തൃശൂർ: ഭാഷാ പിതാവിന് അദ്ദേഹത്തിന്റെ ജന്മ നാട്ടിൽ ഉചിതമായ സ്മാരകം സ്ഥാപിക്കാൻ സാധിക്കാത്തത് ലജ്ജാകരമെന്ന് ബാലഗോകുലം സംസ്ഥാന നിർവാഹക സമിതി അംഗം എൻ. ഹരീന്ദ്രൻ മാസ്റ്റർ. ഭാരതീയ വിചാരകേന്ദ്രം തൃശൂർ ജില്ലാ സമിതി ചിങ്ങം ഒന്ന് മലയാള ഭാഷാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാളത്തിന്റെയും അതിന്റെ സംസ്‌കാരത്തിന്റെയും തനിമയും, സ്വത്വവും നിലനിറുത്തുവാനും അത് വരും തലമുറയ്ക്ക് പകരാനുള്ളതുമായ പരിശ്രമങ്ങൾ എല്ലാവരുടെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്, അത്തരം ദൗത്യ പൂർത്തികരണമാണ് ഭാരതീയ വിചാരകേന്ദ്രത്തിലൂടെ നടക്കുന്നതെന്ന് അദ്ധ്യക്ഷത വഹിച്ച് സംസ്ഥാന സമിതി അംഗം സി.കെ. സുനിൽ മാസ്റ്റർ അഭിപ്രായപ്പെട്ടു.
വെബിനാറിൽ വിചാരകേന്ദ്രം മദ്ധ്യമേഖലാ സംഘടനാ സെക്രട്ടറി ഷാജി വരവൂർ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി സി.പി. രഞ്ജിത്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. എം.വി. വിനോദ്, ഈശ്വരൻ നമ്പൂതിരി, ഇ.കെ. പവിത്രൻ, ശ്രീദേവി ടീച്ചർ തുടങ്ങിയവർ സംസാരിച്ചു.