തൃശൂർ: ഹൈമാസ്റ്റ് ടെൻഡറുമായി ബന്ധപ്പെട്ട് കൗൺസിൽ യോഗത്തിൽ ഒച്ചപ്പാട്. അജണ്ട മാറ്റിവച്ചത് നിയമ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ പറഞ്ഞു. കേന്ദ്ര സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളെ മാത്രം ഉൾപ്പെടുത്തി മത്സരാടിസ്ഥാനതിൽ ടെണ്ടർ വിളിച്ച് നടപ്പാക്കണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
കോർപറേഷനിൽ എല്ലാ ഡിവിഷനുകളിലും രണ്ട് ഹൈമാസ്റ്റ് ലൈറ്റുകൾ വീതം 110 ഹൈമാസ്റ്റ് ലൈറ്റുകൾ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നു മാത്രം ടെൻഡർ വിളിച്ച് നടപ്പാക്കാനാണ് കൗൺസിൽ തീരുമാനം.
55 കൗൺസിലർമാരിൽ 32 കൗൺസിലർമാർ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നുമാത്രം ടെൻഡർ വിളിച്ച് നടപ്പാക്കണമെന്നാണ് കൗൺസിലിൽ രേഖപ്രകാരം ആവശ്യപ്പെട്ടിരുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത് വൻ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
കൗൺസിലിൽ ഒരു അജണ്ട വെച്ചു കഴിഞ്ഞാൽ അത് മാറ്റിവച്ചതായി പ്രഖ്യാപിക്കാൻ മേയർക്കു മാത്രമായി അധികാരമില്ല.
പ്രഖ്യാപിക്കുമ്പോൾ ജില്ലാ ഭരണകൂടവും പൊലീസും ആരോഗ്യ വിഭാഗവും കോർപറേഷനും പൊതുജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകാത്ത രീതിയിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രാജൻ.ജെ.പല്ലൻ യോഗത്തിൽ ആവശ്യപ്പെട്ടു. നഗരത്തിലെ ഓട്ടോസ്റ്റാൻഡും ഓട്ടോ പെർമിറ്റും നിജപ്പെടുത്തി ക്രമീകരിക്കുന്നതിന് കൗൺസിൽ തത്വത്തിൽ അംഗീകരിച്ചു. രാമവർമപുരം ഗവ.സ്‌കൂളിൽ ബഡ്‌സ് സ്‌കൂൾ നിർമ്മിക്കുന്നതിന് തീരുമാനിച്ചു. ശക്തൻ പ്രതിമ റൗണ്ട് എമ്പൗട്ടും അശ്വനി റൗണ്ട് എമ്പൗട്ടും ടൈൽ വിരിക്കുന്നതിന് തീരുമാനമെടുത്തു. ആധുനിക രീതിയിൽ സൗത്ത് ഇൻഡ്യൻ ബാങ്ക് സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ചു കൊണ്ടിരിക്കുന്ന കോർപറേഷൻ വടക്കേച്ചിറ ബസ് സ്റ്റാൻഡും അതിനോട് അനുബന്ധിച്ചുളള കോപ്ലക്‌സിന്റെയും നടത്തിപ്പിനുളള ബൈലോ കൗൺസിൽ അംഗീകരിച്ചു.