പാവറട്ടി: വെങ്കിടങ്ങിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്ക് ദുരിതമായി കനോലി കനാലിലെ തടസങ്ങൾ. തൊയക്കാവ് പള്ളിക്കടവ്, വേട്ടെക്കൊരുമകൻ കടവിന് വടക്ക് വശം, ആന്തുരമാടിന് സമീപം തുടങ്ങി പുഴയുടെ അടിതട്ടിലും, മുകൾ ഭാഗത്തും വലിയ മരങ്ങളും, തെങ്ങിൻ തടികളും ഒഴുകിവന്ന് കിടക്കുന്നതാണ് മത്സ്യബന്ധനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നത്.

പുളിക്കക്കടവ് പാലം വരെ പുഴയിൽ പല സ്ഥലത്തുമുള്ള മരങ്ങളിൽ തൊഴിലാളികളുടെ വലകൾ കുരുങ്ങി വൻ നാശനഷ്ടം ഉണ്ടായി. പള്ളിക്കടവ് പുഴയിൽ സ്ഥാപിച്ചിരുന്ന കൂട് മത്സ്യക്കൃഷിയുടെ മുളങ്കുറ്റികളും വെല്ലുവിളിയാണ്. 2018ലെ പ്രളയത്തിൽ ശക്തമായ ഒഴുക്കിൽ മത്സ്യക്കൃഷിയുടെ കൂട് ചേറ്റുവ പാലത്തിനടുത്തേക്ക് ഒലിച്ച് പോയിരുന്നു. ഈ കൂടിന്റെ അവശിഷ്ടങ്ങളും പുഴയുടെ അടിത്തട്ടിലുണ്ട്.

സാധാരണയായി പുഴയിൽ മീൻ പിടിക്കാൻ കണ്ടാടി വലയാണ് (നീട്ടു വല) ഉപയോഗിക്കുന്നത്. മുറിയേക്കൽ വാസു, കടവത്ത് ബൈജു, കിഴക്കര ആനന്ദൻ, ആരി ആനന്ദൻ, കൂനംപുറത്ത് മോഹനൻ, സുരേഷ് തുടങ്ങി പത്ത് പേരുടെ വലകൾ ഇതിനകം നശിച്ചു. വർഷങ്ങൾക്ക് മുമ്പ് ഉടമസ്ഥനില്ലാതെ ചേറ്റുവ അഴിമുഖത്ത് നിന്ന് ഒഴുകി വന്ന് തൊയക്കാവ് പള്ളിക്കടവിൽ മുങ്ങിക്കിടന്ന ഫൈബർ വള്ളം തൊഴിലാളികൾക്ക് മീൻ പിടിക്കാൻ തടസമായപ്പോൾ ഫിഷറീസ് വകുപ്പ് എടുത്ത് മാറ്റിയിരുന്നു. വെങ്കിടങ്ങ് ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘത്തിന്റെ പരാതിയിലായിരുന്നു നടപടി. തടസങ്ങൾ നീക്കി പുഴയുടെ സുഗമമയ ഒഴുക്കിനും മത്സ്യബന്ധനത്തിനുമുള്ള നടപടികൾ ഉടൻ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികൾ.

..........

തടസങ്ങൾ നീക്കം ചെയ്യണം

കനോലി കനാലിലെ സുഗമമായ നീരൊഴുക്കിനും, തൊഴിലാളികൾക്ക് പണിയെടുക്കാൻ തടസമായതിനാലും മരങ്ങളുടെ അവശിഷ്ടങ്ങളും, മറ്റ് മാലിന്യങ്ങളും ഫിഷറീസ് വകുപ്പ് എടുത്ത് മാറ്റണമെന്നും ധനസഹായം നൽകണമെന്നും ജില്ലാ മത്സ്യത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു ജില്ലാ കമ്മിറ്റി അംഗം പി.എ. രമേശൻ, ഉൾനാടൻ മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രസിഡന്റ് യു.എ. ആനന്ദൻ എന്നിവർ ആവശ്യപ്പെട്ടു.

യൂണിയൻ വെങ്കിടങ്ങ് ഡിവിഷൻ പ്രസിഡന്റും ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ കെ.വി. മനോഹരന്റെ പരാതിയിൽ ഫിഷറീസ് ഇൻസ്‌പെക്ടർ ഫാത്തിമ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിച്ചിട്ടുണ്ട്. കനോലി കനാലിലും പരിസരങ്ങളിലും ഫിഷറീസ് വകുപ്പ് നിരോധിച്ച മുരിമ്പ് (തുരുമ്പ്) പലസ്ഥലങ്ങളിലും ഈ മഴക്കാലത്ത് ഇട്ടിട്ടുണ്ട്. അതും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടു.