rajuvk
വി.കെ.രാജു

തൃശൂർ: സിറ്റി പൊലീസിന് കീഴിലുള്ള തൃശൂർ സബ് ഡിവിഷൻ നേട്ടങ്ങളുടെ നിറവിൽ. കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ഒല്ലൂർ പൊലീസ് സ്റ്റേഷന് ലഭിച്ചതിന് പിറകെ സംസ്ഥാന സർക്കാരിന്റെ അംഗീകാരം കൂടി സബ് ഡിവിഷന് കീഴിലുള്ള മണ്ണുത്തി സ്റ്റേഷന് ലഭിച്ചതോടെ ഇരട്ടത്തിളക്കം.

കേന്ദ്ര പുരസ്‌കാരം ഒല്ലൂർ പൊലീസ് സ്റ്റേഷന് എതാനും ആഴ്ചകൾക്ക് മുമ്പാണ് ലഭിച്ചത്. ഇന്നലെ സംസ്ഥാനത്തെ എറ്റവും മികച്ച സ്റ്റേഷനായി മണ്ണുത്തിയെയും തിരഞ്ഞെടുത്തു. സിറ്റി പൊലീസ് സ്റ്റേഷന് കീഴിലുള്ള മൂന്നു സബ് ഡിവിഷനുകളിൽ ഒന്നായ തൃശൂരിന് കീഴിലുള്ള രണ്ട് സ്റ്റേഷനുകൾക്കാണ് അപൂർവനേട്ടം കൈവരിക്കാനായത്.

കുന്നംകുളം, ഗുരുവായൂർ ഡിവിഷനുകളാണ് മറ്റ് രണ്ട് ഡിവിഷനുകൾ. ഒല്ലൂർ പൊലീസ് സ്റ്റേഷനിൽ ബെന്നി ജേക്കബ്ബും മണ്ണുത്തിയിൽ ശശിധരൻ പിള്ളയുമാണ് സ്റ്റേഷൻ ഹൗസ് ഓഫീസർമാർ. വി.കെ. രാജുവാണ് തൃശൂർ സബ് ഡിവിഷൻ എ.സി.പി. പരിധിയിലെ സ്റ്റേഷനുകൾക്ക് എ.സി.പി നൽകിയ മികച്ച പിന്തുണയ്ക്ക് കൂടിയുള്ള അംഗീകാരമാണ് പുരസ്കാരനേട്ടം.

2018ലാണ് തൃശൂർ എ.സി.പിയായി വി.കെ. രാജു ചുമതലയേറ്റത്. റേഞ്ച് ഐ.ജി സുരേന്ദ്രൻ, സിറ്റി പൊലീസ് കമ്മിഷണർ ആർ.ആദിത്യ എന്നിവരുടെ നിരന്തര ഇടപെടലുകളും സ്റ്റേഷൻ പ്രവർത്തനത്തിന് സഹായകരമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഒല്ലൂർ, തൃശൂർ ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ, മണ്ണുത്തി, ട്രാഫിക്, വനിതാ സ്റ്റേഷൻ, നെടുപുഴ, പീച്ചി എന്നിവയാണ് തൃശൂർ സബ് ഡിവിഷന് കീഴിലുള്ളത്.



തൃശൂർ സബ് ഡിവിഷന് അഭിമാനകരമായ നേട്ടമാണ് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരത്തിലൂടെ കൈവന്നിരിക്കുന്നത്. എല്ലാവരുടെയും ആത്മാർത്ഥമായ പ്രവർത്തനത്തിനുള്ള അംഗീകാരമാണിത്. ജനങ്ങളുമായി ഏറെ അടുത്ത ബന്ധമാണ് പൊലീസ് പുലർത്തുന്നത്.
- വി.കെ.രാജു, എ.സി.പി, തൃശൂർ