പുതുക്കാട്: എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുൻകൈയെടുത്ത് ഒരു വർഷം മുമ്പ് രൂപീകരിച്ച എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പൊൻതിളക്കം. ഒരു വർഷത്തിനിടെ ശ്രദ്ധേയമായ ഒട്ടേറെ വ്യാജ ലഹരി വേട്ടക്ക് എൻഫോഴ്‌സ്‌മെന്റിന് സാധിച്ചു. തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഹാഷിഷ് വേട്ട, കോട്ടയത്തെ അറുപത് കിലോ കഞ്ചാവ് പിടിച്ച കേസ്, തിരുവനന്തപുരത്തെ മറ്റൊരു വൻ കഞ്ചാവ് വേട്ട തുടങ്ങി ഒട്ടേറെ കേസുകൾ ഇവർക്ക് പിടികൂടാനായി.
കൊവിഡ് കാലം തുടങ്ങിയ ശേഷം മാത്രം ഇവർ പിടികൂടിയത് 222 കിലോ കഞ്ചാവ്, മൂന്ന് ലോറികൾ, ഒരു കോടി രൂപ വിലവരുന്ന ഹാഷിഷ് എന്നിവയായിരുന്നു. ഒടുവിലിപ്പോൾ നെന്മണിക്കരയിലെ സ്പിരിറ്റ് വേട്ടയും.
തമിഴ്‌നാട്ടിൽ നിന്ന് സ്പിരിറ്റ് എത്തിയെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് ഒരാഴ്ചയായി ഇവർ സ്ഥലം കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചിട്ട്. പ്രദേശവാസികൾ ആരും അറിയാതെ വീട്ടിൽ എത്തിച്ചു സുക്ഷിച്ച സ്പിരിറ്റ് പിടികൂടിയപ്പോഴാണ് അയൽവാസികൾ പോലും അറിയുന്നത്. കാർഡ് ബോഡ് പെട്ടികളിലാണ് കന്നാസുകൾ സൂക്ഷിച്ചിരുന്നത്. ഒരാഴ്ചയായി നെന്മണിക്കരയിൽ സ്പിരിറ്റ് എത്തിച്ചിട്ടെന്നും 75 കന്നാസുകൾ എത്തിച്ചിരുന്നെന്നും അതിൽ അഞ്ച് കന്നാസുകൾ ഇവിടെ നിന്നും കടത്തിയതായും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ദേശീയപാതയിൽ നിന്നും മുക്കാൽ കി.മീറ്റർ മാത്രം മാറിയുള്ള സ്ഥലം വാങ്ങി വീട് നിർമ്മിച്ചതു തന്നെ രഞ്ജിത്തിന് സ്പിരിറ്റ് എത്തിക്കാനും സൂക്ഷിക്കാനുള്ള സൗകര്യം കൂടി കണ്ടിട്ടാണെന്നാന്ന് ഉദ്യോഗസ്ഥർ സംശയിക്കുന്നത്. സംഭവത്തിൽ ഒരാൾ കൂടി ഉണ്ടെന്നും ഇയാളെ പിടികൂടാനുള്ള ശ്രമം തുടരുന്നതായും ഉദ്യോഗസ്ഥർ അറിയിച്ചു. എക്‌സൈയ്‌സ് ഡെപ്യൂട്ടി കമ്മീഷണർ പ്രദീപ് കുമാർ, ജോ. എക്‌സൈസ് കമ്മീഷണർ കെ. സുരേഷ് ബാബു എന്നിവരും സ്ഥലത്തെത്തിയിരുന്നു. പിടികൂടിയ സ്പിരിറ്റും പ്രതികളെയും ഇരിങ്ങാലക്കുട എക്‌സൈസ് റേഞ്ചോഫീസിലേക്ക് മാറ്റി.