ചാഴൂർ: ചേർപ്പ്, ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാവുന്ന കുടിവെള്ളപദ്ധതിയുടെ നിർമ്മാണം 26ന് തുടങ്ങും. കിഫ്ബി വഴി 34.76 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുക. 26ന് ചിറക്കൽ വാട്ടർ ടാങ്ക് പരിസരത്ത് ജലവിതരണ വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി നിർമ്മാണോദ്ഘാടനം നിർവഹിക്കും. മൂന്ന് പഞ്ചായത്തുകളിൽ നിലവിലുള്ള ജലസംഭരണിക്ക് സമീപം കൂടുതൽ സംഭരണശേഷിയുള്ള ടാങ്കുകൾ സ്ഥാപിക്കും.

ചാഴൂരിൽ 12 ലക്ഷം ലിറ്ററും താന്ന്യത്ത് 11 ലക്ഷം ലിറ്ററും അന്തിക്കാട് 8.60 ലക്ഷം ലിറ്ററും ശേഷിയുള്ള ടാങ്കുകളാണ് നിർമ്മിക്കുക. ടാങ്കുകളിലേക്ക് വെള്ളം എത്തിക്കന്നതിന് 400,300 എം.എം വ്യാസങ്ങളിലുള്ള പൈപ്പുകളാണ് സഥാപിക്കുക. പൈപ്പ് സ്ഥാപിക്കുന്നതിന് പൊളിക്കുന്ന റോഡുകൾ വകുപ്പിന്റെ നേത്യത്വത്തിൽ തന്നെ പുനർനിർമ്മിക്കും. ഇല്ലിക്കൽ, കോലോത്തുകടവ് എന്നിവിടങ്ങളിലെ കിണറും പമ്പ് ഹൗസുകളും നവീകരിക്കും.

2021 മാർച്ചിൽ പദ്ധതിയുടെ നിർമ്മാണം പൂർത്തീകരിക്കും. നിർമ്മാണ ഉദ്ഘാടനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ ഗീത ഗോപി എം.എൽ.എ അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ എ.വി. ശ്രീവത്സൻ, ജ്യോതി കനകരാജ്, വി.ഐ. അബൂബക്കർ, എക്സി. എൻജിനിയർ ബെന്നി എന്നിവർ സംസാരിച്ചു.