മാള: പാർട്ടിയുടെ വകുപ്പിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സിൽ പിൻവാതിൽ നിയമനം നടത്താൻ നീക്കം നടക്കുന്നതായി എ.ഐ.ടി.യു.സി. സെന്റർ ഫോർ മാനേജ്‌മെന്റ് സ്റ്റഡീസിന്റെ സേവനം ഉപയോഗിച്ചാണ് ഓഫീസർ, മാനേജീരിയൽ തസ്തികകളിലേക്ക് പിൻവാതിൽ നിയമനം നടത്താൻ ശ്രമിക്കുന്നതെന്നാണ് യൂണിയന്റെ ആരോപണം.

2015 ൽ യൂണിയനുകളുമായി ഒപ്പ് വച്ച ദീർഘകാല കരാറും പ്രമോഷൻ പോളിസിയും എം.ഡിയുടെ അനാസ്ഥ കൊണ്ട് ഇതുവരെ നടപ്പായിട്ടില്ല. വകുപ്പ് മന്ത്രിക്കും സർക്കാരിനും എതിരെയുള്ള ആരോപണം കൂടിയായി പിൻവാതിൽ നിയമന വിഷയവും കരാർ ലംഘനവും മാറി. സ്ഥിരം ജീവനക്കാർക്കും ഓഫീസർമാർക്കും അർഹമായ സ്ഥാനക്കയറ്റം നൽകാതെ പുതിയ നിയമനങ്ങളും ചെലവ് വർദ്ധിപ്പിക്കലും തുടരുകയാണ്. കമ്പനിയുടെ നഷ്ടം കഴിഞ്ഞ യു.ഡി.എഫ് സർക്കാർ ഭരണത്തിലുള്ളതിനേക്കാൾ വർദ്ധിച്ചു. കഴിഞ്ഞ കുറെ വർഷമായി 1250 ടൺ പ്രതിദിന ഉത്പാദന ശേഷിയുള്ള കേരള ഫീഡ്സ് കമ്പനിയുടെ പ്രതിമാസ വിൽപ്പന 18,000 ടൺ മാത്രമാണ്. കമ്പനിയുടെ കേരളത്തിലെ മൂന്ന് യൂണിറ്റുകളിലുമായി പ്രതിദിന ഉത്പാദനം 600 ടൺ ആയി ചുരുക്കി. അനാസ്ഥ കാരണം 125 കോടിയുടെ നഷ്ടത്തിലാണ് ഈ പൊതുമേഖലാ സ്ഥാപനം പ്രവർത്തിക്കുന്നതെന്നും എ.ഐ.ടി.യു.സി ആരോപിക്കുന്നു.

....

കേരള ഫീഡ്സ് ആകെ സ്ഥിരം ജീവനക്കാർ 300

താത്കാലിക ജീവനക്കാർ 750

ആകെ യൂണിറ്റ് 5

യൂണിറ്റുകളും നിർമ്മാണവും

കാലിത്തീറ്റ പെല്ലറ്റ് ഉത്പാദനം; കല്ലേറ്റുംകര, കോഴിക്കോട്, കരുനാഗപ്പിള്ളി

വൈക്കോൽ കട്ട നിർമ്മാണം: മുതലമട

ധാതുലവണ നിർമ്മാണം: മലപ്പുറം ആതവനാട്

തൊടുപുഴയിൽ ഉദ്‌ഘാടനം കഴിഞ്ഞെങ്കിലും ഉത്പാദനം തുടങ്ങാനായിട്ടില്ല.

..............

2005 ൽ ഒപ്പുവെച്ച കരാർ നടപ്പാക്കണം. അർഹമായ സ്ഥാനക്കയറ്റം നിലവിലുള്ള സ്ഥിരം ജീവനക്കാർക്ക് നൽകാതെ പുതിയ നിയമനം നടത്തരുത്. കമ്പനിയുടെ ഉത്പാദനവും വിപണനവും വർദ്ധിപ്പിച്ച് ലാഭകരമാക്കാൻ സർക്കാരും വകുപ്പും ഇടപെടണം.

എ.എൻ രാജൻ

(എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി, കേരള ഫീഡ്സ് തൊഴിലാളി യൂണിയൻ പ്രസിഡന്റ്)