covid-

തൃശൂർ: കൊവിഡ് സമ്പർക്ക വ്യാപനം രൂക്ഷമായതിനാൽ അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനറൽ ഒ.പി ഉൾപ്പെടെ വിഭാഗങ്ങൾ അടച്ചിടാൻ നിർദേശം നൽകിയ പശ്ചാത്തലത്തിൽ ആശുപത്രികളിൽ രോഗവ്യാപനമുണ്ടായാൽ സ്ഥിതി അതീവഗുരുതരമാകുന്ന വിലയിരുത്തലിലാണ് ആരോഗ്യവകുപ്പ്. സൽപ്പേരിന് ദോഷം ചെയ്യുമെന്നും മറ്റ് രോഗികൾ കുറയുന്നതോടെ വരുമാനം കുറയുമെന്നും ഭയന്ന് സ്വകാര്യ ആശുപത്രികൾ കൊവിഡ് വിവരങ്ങൾ മറച്ചുവയ്ക്കുന്നത് തടയാൻ കർശന നിർദ്ദേശങ്ങളാണ് നൽകിയിട്ടുളളത്.

കൊവിഡ് സ്ഥിരീകരിച്ചവരെ ചികിത്സിച്ച് ഭേദമാക്കാൻ കഴിഞ്ഞാലും ജീവനക്കാർക്കും മറ്റ് രോഗികളിലേക്കും കൂട്ടിരിപ്പുകാരിലേക്കും നിരവധി കുടുംബങ്ങളിലേക്കും രോഗം പടർന്നാൽ നിയന്ത്രണ മാർഗങ്ങളെല്ലാം നിഷ്ഫലമാകും. നിരവധി പേർക്ക് രോഗം സ്ഥിരീകരിച്ച് മൂടിവയ്ക്കാനാവാത്ത പശ്ചാത്തലത്തിലാണ് അമലയിലെ രോഗവിവരം പുറത്തറിഞ്ഞത്. അമലയിൽ കീമോതെറാപ്പി, ഡയാലിസിസ് വിഭാഗങ്ങൾ മാത്രമേ പ്രവർത്തിക്കാൻ ഇപ്പോൾ അനുമതിയുള്ളൂ. സമ്പർക്ക വ്യാപനം തടയുന്നതിന് ആവശ്യമായ മുൻകരുതൽ സ്വീകരിക്കാത്തതാണ് വ്യാപനം രൂക്ഷമാക്കിയതെന്നാണ് കളക്ടർ എസ്. ഷാനവാസ് പറയുന്നത്. ആശുപത്രി സന്ദർശിച്ച ശേഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കളക്ടറുടെ നടപടി.

രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കി വിശദ പരിശോധന നടത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. കൊവിഡ് പ്രതിരോധിക്കുന്നതിനുള്ള അടിയന്തര സജ്ജീകരണം ഏർപ്പെടുത്തുന്നതിന് അഞ്ചുദിവസത്തെ സമയം നൽകിയിരുന്നു. ഈ സമയത്തിനുള്ളിൽ നിശ്ചിത ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിൽ മാത്രം മറ്റു വിഭാഗങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കാമെന്നായിരുന്നു നിർദ്ദേശം. അമല ആശുപത്രിയിൽ അടിയന്തരമായി കർശനമായ അണുബാധ നിയന്ത്രണ നടപടികൾ ശക്തിപ്പെടുത്തണമെന്നായിരുന്നു കളക്ടർക്ക് നൽകിയ മെഡിക്കൽ റിപ്പോർട്ടിലെ പ്രധാന ശുപാർശ.

മറ്റ് നിർദ്ദേശങ്ങൾ:

കൊവിഡ് ചികിത്സാ വാർഡുകളിൽ കൈ കഴുകി ശുചിയാക്കൽ, പി.പി.ഇ കിറ്റ് അണുവിമുക്തമാക്കൽ, ബയോമെഡിക്കൽ മാലിന്യ നിർമാർജനം, ഭക്ഷ്യ വിതരണം, അലക്കൽ തുടങ്ങിയ കാര്യങ്ങളിൽ പ്രത്യേക ഗുണനിലവാരമുള്ള അണുബാധ നിയന്ത്രണ പദ്ധതികൾ ആശുപത്രിയിൽ നടപ്പാക്കണം. കൊവിഡ് പെരുമാറ്റച്ചട്ടത്തിന്റെ അടിസ്ഥാനത്തിൽ അണുബാധ നിയന്ത്രണത്തിനായി നഴ്‌സുമാരുടെ മേൽനോട്ടത്തിൽ വിവിധ ചികിത്സ വിഭാഗങ്ങൾക്കും ജീവനക്കാർക്കും പരിശീലനം നൽകണം. ആരോഗ്യ പരിപാലന തൊഴിലാളികൾക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ വിഷ്വൽ വീഡിയോയിലൂടെ പ്രദർശിപ്പിക്കുകയും വേണം. മൈക്രോബയോളജി, കമ്മ്യൂണിറ്റി മെഡിസിൻ എന്നിവയുടെ പങ്കാളിത്തത്തോടെ എച്ച്.ഐ.സി.സിയെ ശക്തിപ്പെടുത്തണം. ആരോഗ്യ പരിപാലന തൊഴിലാളികൾക്കിടയിൽ പ്രശ്‌നങ്ങൾ വിലയിരുത്തുന്നതിന് ഒരു പ്രത്യേക സമിതി ഉണ്ടായിരിക്കണം.


ആശുപത്രികളിൽ ശ്രദ്ധിക്കാൻ


# മാസ്‌ക്, ശാരീരിക അകലം, കൈകളുടെ സാനിറ്റൈസേഷൻ എന്നിവ പരമപ്രധാനം
# മറ്റ് രോഗികൾക്ക് പ്രതിരോധ മാർഗങ്ങളിൽ കൃത്യമായ ബോധവത്കരണം വേണം

# ഭക്ഷണവും വസ്ത്രങ്ങളും മറ്റുവസ്തുക്കളുമെല്ലാം കൈമാറുന്നതും ഒഴിവാക്കണം

# രോഗികളുടെ കിടക്ക സ്ഥിരം അണുവിമുക്തമാക്കണം, ഉപയോഗിച്ച വസ്തുക്കൾ നശിപ്പിക്കണം

# ക്വാറന്റൈൻ സൗകര്യം ആശുപത്രികളിൽ നിർബന്ധമായും ഒരുക്കണം
# മറ്റ് രോഗികൾക്ക് കൊവിഡ് ഇല്ലെന്ന മുൻവിധി ഒരിക്കലും പാടില്ല.