തൃശൂർ: ഒരുകാലത്ത് കനോലി കനാലിലൂടെ സഞ്ചരിച്ചിരുന്ന വഞ്ചികളുടെയും വള്ളങ്ങളുടെയും ചുങ്കം പിരിച്ചിരുന്ന പുരാതനമായ തിരുവഞ്ചിക്കുളം കനാൽ ഓഫീസിന്റെ കടവ് ഇനി മുതൽ തീർത്ഥാടകരെയും ടൂറിസ്റ്റുകളെയും വരവേൽക്കും. മുസിരിസ് ജലപാതയുടെ ഭാഗമായാണ് പൗരാണികമായ തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേനടയിൽ ബോട്ട് ജെട്ടി ഉയർന്നത്. 15 ബോട്ട് ജെട്ടികളാണ് മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ പതിമൂന്നാമത്തെ ബോട്ട് ജെട്ടിയാണ് തിരുവഞ്ചിക്കുളത്ത് അഡ്വ.വി.ആർ സുനിൽകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തത്. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാർത്തോമ്മ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയിൽ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, ചേന്ദമംഗലം, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം ചന്ത എന്നിവയാണ് മറ്റു ജെട്ടികൾ. ബാക്കി വരുന്ന രണ്ട് ബോട്ട് ജെട്ടികൾ അഴീക്കോട് മുനയ്ക്കൽ ബീച്ച്, മതിലകം ബംഗ്ലാവ് കടവ്, എന്നിവിടങ്ങളിലായി പൂർത്തിയാക്കും. തിരുവഞ്ചിക്കുളം കനാൽ ഓഫീസും പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫീസിന്റെ പുനർ നിർമ്മാണം പുരോഗമിക്കുകയാണ്.
ക്ഷേത്ര ദർശനത്തിനും സൗകര്യം
തിരുവഞ്ചിക്കുളം മഹാദേവ ക്ഷേത്രദർശനത്തിനെത്തുന്നവർക്ക് വിശ്രമിക്കാനുള്ള സൗകര്യവും ഇവിടെ ഏർപ്പെടുത്തും. ആദ്യകാലത്ത് കൊച്ചി രാജാവും കുടുംബവും ക്ഷേത്രദർശനത്തിന് എത്തുമ്പോൾ വിശ്രമിച്ചിരുന്ന ബംഗ്ലാവാണ് നികുതി പിരിക്കുന്ന ഓഫീസാക്കി പിന്നീട് മാറ്റിയത്. മുസിരിസ് ഹെറിറ്റേജ് ആൻഡ് സ്പൈസ് റൂട്ട് പദ്ധതിയുടെ രണ്ടാം ഘട്ട നവീകരണത്തിനായി സർക്കാർ കൊടുങ്ങല്ലൂർ പ്രദേശത്ത് അഞ്ച് ബോട്ട് ജെട്ടി കെട്ടിട നിർമ്മാണത്തിനും ചരിത്രപരമായ ഇടങ്ങൾക്കും 2.25 കോടി രൂപ ധനസഹായം നൽകിയിരുന്നു. അഴീക്കോട്, മാർത്തോമ പള്ളി, തിരുവഞ്ചിക്കുളം, പള്ളിപ്പുറം കോട്ട, ഗോതുരുത്ത് വലിയ പള്ളി, വടക്കൻ പറവൂരിന് സമീപം കുറ്റിചിറ എന്നീ ബോട്ട് ജെട്ടികൾക്കാണ് തുക അനുവദിച്ചത്. ഇതിൽ കുറ്റിച്ചിറ ബോട്ട് ജെട്ടിയ്ക്ക് പകരമാണ് അഴീക്കോട് മുനയ്ക്കൽ, മതിലകം ബംഗ്ലാവ് എന്നിവിടങ്ങളിലായി രണ്ട് ബോട്ട് ജെട്ടികൾ ഉയരുന്നത്. കൊടുങ്ങല്ലൂരിലെ എല്ലാ ചരിത്രസ്മാരകങ്ങളും ജലമാർഗ്ഗം വഴി ബന്ധിപ്പിക്കുവാൻ ഇതുവഴി സാധിക്കും. ഇറിഗേഷൻ വകുപ്പിനാണ് നിർമ്മാണചുമതല.