അന്തിക്കാട് : അന്തിക്കാട് ബ്ലോക്ക് പഞ്ചായത്തിനെ കേരളത്തിലെ ആദ്യതരിശു രഹിത ബ്ലോക്ക് പഞ്ചായത്തായി മുഖ്യമന്ത്രി പിണറായി വിജൻ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 2.30ന് ചാഴൂർ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വീഡിയോ കോൺഫറൻസിലൂടെയാകും പ്രഖ്യാപനം. ബ്ലോക്ക് പരിധിയിലെ 3000 ഹെക്ടറിൽ 2000 ഹെക്ടർ ആദ്യമേ തരിശുരഹിതമാക്കിയിരുന്നു. ഈ ഭരണസമിതി 675 ഹെക്ടർ കൂടി തരിശുരഹിതമാക്കിയതോടെ 92 ശതമാനം പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശ്രീദേവിക്കും ഈ നേട്ടത്തിൽ അഭിമാനിക്കാം. ബ്ലോക്കിന്റെ കീഴിൽ അഞ്ചു പഞ്ചായത്തുകളാണുള്ളത്. അതിൽ അരിമ്പൂർ പഞ്ചായത്താണ് തരിശുഭൂമി കൃഷിയോഗ്യമാക്കാൻ ഏറ്റവും കുടുതൽ ഫണ്ട് ചിലവഴിച്ചത്. തരിശുരഹിതമാക്കാൻ യത്നിച്ച വിവിധ കർഷകഗ്രൂപ്പുകൾക്ക് 6.40 ലക്ഷം രൂപ സബ്സിഡി വിതരണം ചെയ്യും. കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അദ്ധ്യക്ഷത വഹിക്കും. മന്ത്രി എ.സി. മൊയ്തീൻ സബ്സിഡി വിതരണം ചെയ്യും. ടി.എൻ പ്രതാപൻ, എം.എൽ.എമാരായ ഗീതഗോപി, മുരളി പെരുന്നെല്ലി, കളക്ടർ എസ്. ഷാനവാസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് എന്നിവർ പങ്കെടുക്കും.

......

അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളത്തിലെ ആദ്യത്തെ തരിശുരഹിത പഞ്ചായത്താക്കിയിട്ടുള്ള പ്രഖ്യാപനം ശുദ്ധതട്ടിപ്പാണ്. ഇന്ന് നടക്കുന്ന തരിശുരഹിത പ്രഖ്യാപന ചടങ്ങ് യു.ഡി.എഫ് ബഹിഷ്കരിക്കും.

ജോസ് വെള്ളൂർ
ഡി.സി.സി വൈസ് പ്രസിഡന്റ്


........


തരിശുരഹിത പഞ്ചായത്തായി ബ്ലോക്ക് പഞ്ചായത്തിനെ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം രാഷ്ട്രീയ പ്രേരിതമാണ്. കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാം.


പി.സി ശ്രീദേവി
പ്രസിഡന്റ്, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത്