തൃശൂർ: കോർപറേഷൻ പരിധിയിലെ ഓട്ടോ സ്റ്റാൻഡുകളും ഓട്ടോ പെർമിറ്റും നിജപ്പെടുത്തി ക്രമീകരിക്കുന്നതിന് കോർപറേഷൻ കൗൺസിലിൽ തീരുമാനം. ഓട്ടോറിക്ഷ പെർമിറ്റ് നൽകുന്നതിനുള്ള അധികാരം ആർ.ടി.ഒയ്ക്കാണ്. എന്നാൽ കോർപറേഷൻ പരിധിയിൽ ഓട്ടോ സ്റ്റാൻഡുകളും അതിൽ പാർക്ക് ചെയ്യേണ്ട ഓട്ടോറിക്ഷകളുടെ എണ്ണവും നിജപ്പെടുത്താനുള്ള ചുമതല കോർപറേഷനാണ്. കഴിഞ്ഞ 15 വർഷക്കാലമായി ഈ മേഖലയിൽ നിരവധി തർക്കങ്ങൾ നിലനിന്നിരുന്നു. ആർ.ടി.ഒ പെർമിറ്റ് നിഷേധിക്കുന്ന സാഹചര്യത്തിൽ കോടതിയിൽ പോയി പെർമിറ്റ് വാങ്ങുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിനെല്ലാം പരിഹാരം കാണുന്നതിനായാണ് സോണൽ അടിസ്ഥാനത്തിൽ നിർദ്ദിഷ്ട ഓട്ടോ സ്റ്റാൻഡുകൾ ക്രമീകരിക്കുക. ഈ പ്രവർത്തനം എത്രയും പെട്ടെന്ന് തുടങ്ങുന്നതിനായി പൊതുജനങ്ങളുടെയും വ്യാപാരികളുടെയും പൊലീസുകാരുടെയും അഭിപ്രായങ്ങൾ അറിയുന്നതിനും തുടർനടപടികൾ സ്വീകരിക്കുന്നതിനും കൗൺസിൽ അംഗീകാരം നൽകിയതായി മേയർ അജിത ജയരാജൻ അറിയിച്ചു.