nagesh
വടക്കാഞ്ചേരിയിലെ ചരൽപറമ്പിൽ നിർമ്മിക്കുന്ന ലൈഫ് പദ്ധതി ഫ്‌ളാറ്റ് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് സന്ദർശിക്കുന്നു

വടക്കാഞ്ചേരി: ഫ്‌ളാറ്റ് നിർമ്മാണ അഴിമതിയിൽ മന്ത്രി എ.സി മൊയ്തീന്റെ പങ്ക് വ്യക്തമായ സ്ഥിതിക്ക് മന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണത്തെ നേരിടണമെന്ന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി എ. നാഗേഷ്. വടക്കാഞ്ചേരിയിലെ ചരൽപറമ്പിൽ നിർമ്മിക്കുന്ന ലൈഫ് പദ്ധതി ഫ്‌ളാറ്റ് സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ ഒരു കോടി രൂപ കമ്മിഷൻ ലഭിച്ചെന്ന സ്വപ്‌നയുടെ മൊഴി പുറത്തുവന്നിട്ടുണ്ട്. എ.സി. മൊയ്തീന് മാത്രമല്ല സി.പി.എമ്മിന്റെ എല്ലാ നേതാക്കൾക്കും പങ്ക് കച്ചവടക്കാരാണ്. 20 കോടി രൂപയിൽ എട്ട് കോടിയുടെ കൊള്ളയാണ് നടന്നിട്ടുള്ളത്. കുടിവെള്ളം പോലും ലഭിക്കാത്ത പ്രദേശത്താണ് പാവങ്ങളിൽ പാവങ്ങാളയവർക്ക് ഫ്‌ളാറ്റ് നിർമ്മിക്കുന്നത്.

പതിനായിരക്കണക്കിന് രൂപ ചെലവഴിച്ചാണ് ഇവിടേക്ക് നിർമ്മാണത്തിന് ആവശ്യമായ വെള്ളം എത്തിക്കുന്നത്. 140 കുടുംബങ്ങൾ താമസമാക്കുന്നതോടെ ജനങ്ങൾക്ക് കുടിവെള്ളം കിട്ടാതെ വരും. കേരളത്തിൽ എത്ര പദ്ധതിക്ക് വിദേശ എജൻസികൾ പണം മുടക്കിയെന്ന് സർക്കാർ വ്യക്തമാക്കണമെന്നും നാഗേഷ് പറഞ്ഞു. നേതാക്കളായ രവീന്ദ്രൻ എങ്കക്കാട്, സതീശൻ ടി.ആർ, കൗൺസിലർ ചന്ദ്രമോഹൻ തുടങ്ങിയവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.