thattukada

തൃശൂർ: ഭക്ഷണത്തിലെ മായം ചേർക്കലിനെതിരെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഓണക്കാല പരിശോധന ശക്തമാക്കും. സ്‌ക്വാഡുകൾ രൂപീകരിച്ച് സെപ്തംബർ അഞ്ച് വരെ പരിശോധന തുടരാനാണ് തീരുമാനം. ഹോട്ടൽ, റസ്റ്റോറന്റ്, വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ, വഴിയോര കച്ചവടങ്ങൾ തുടങ്ങിയ ഇടങ്ങളിലാണ് പരിശോധന നടത്തുക.

മായം ചേർത്തെന്ന് സംശയം തോന്നുന്ന ഭക്ഷ്യവസ്തുക്കളുടെ സാമ്പിളുകൾ കോഴിക്കോട് റീജ്യണൽ അനലറ്റിക്കൽ ലാബിലേക്ക് അയച്ച് പരിശോധനയ്ക്ക് വിധേയമാക്കും. ഇത് കൂടാതെ മൊത്ത വിതരണ കേന്ദ്രങ്ങളിൽ ഓണവിപണി ലക്ഷ്യമിട്ട് എത്തുന്ന ശർക്കര, വെളിച്ചെണ്ണകൾ, ഭക്ഷ്യഎണ്ണകൾ, പപ്പടം, പായസം മിക്‌സ്, നെയ്യ്, പഴം, പച്ചക്കറികൾ, പയർ, പരിപ്പ് എന്നിവയുടെ ഗുണനിലവാരം പരിശോധിക്കുന്നതോടൊപ്പം ലേബൽ ഇല്ലാതെ വിൽക്കുന്ന ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും.

താത്കാലിക സ്റ്റാളുകൾക്ക് ലൈസൻസ്
ഓണക്കാലത്ത് താത്കാലിക സ്റ്റാളുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ എടുക്കേണ്ടതാണ്. രജിസ്‌ട്രേഷൻ എടുക്കാത്തവരെ വിൽപ്പന നടത്താൻ അനുവദിക്കില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കുന്ന മൊബൈൽ ലാബ് പരിശോധനാ സ്‌ക്വാഡിന്റെ കൂടെ ഉണ്ടായിരിക്കുന്നതാണ്. പാൽ, വെളിച്ചെണ്ണ എന്നിവ പരിശോധിക്കുന്നതിന് പൊതുജനങ്ങൾക്ക് സാമ്പിളുകൾ മൊബൈൽ ലാബിലേക്ക് നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്
ഓഫീസ്- 0487 2424158
ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ- 8943346188