അന്തിക്കാട്: അന്തിക്കാട് പഞ്ചായത്തിൽ പടിയം പന്ത്രണ്ടാം വാർഡിൽ എ ആൻഡ് ബി ടൂൾസ് എന്ന സ്ഥാപനം കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്നതായി പരാതി. സ്ഥാപനത്തിലെ ഒരു ജീവനക്കാരന് കൊവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് മറ്റു ജീവനക്കാർ നിരീക്ഷണത്തിലാണ്. പലരുടെയും പരിശോധനാ ഫലങ്ങൾ ലഭിച്ചിട്ടില്ല.

ഈ സാഹചര്യത്തിൽ സ്ഥാപനം തുറന്നു പ്രവർത്തിച്ചപ്പോഴാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. പ്രദേശത്തെ പല സ്ഥാപനങ്ങളും ജീവനക്കാരും ഇപ്പോഴും നിരീക്ഷണത്തിൽ കഴിയുമ്പോഴാണ് രോഗി ജോലി ചെയ്ത സ്ഥാപനം തുറന്നു പ്രവർത്തിക്കുന്നത്. ഇത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

സംഭവത്തിൽ ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് ഭരണാധികാരികളുടെയും ഭാഗത്തു നിന്ന് ഗുരുതര വീഴ്ച വരുത്തിയിട്ടുണ്ടെന്നും,​ സ്ഥാപനത്തിനും ബന്ധപ്പെട്ടവർക്കും എതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവ് അശ്വിൻ ആലപ്പുഴ ആരോഗ്യ മന്ത്രിക്കും മറ്റു അധികൃതർക്കും പരാതി നൽകി.